കേരളത്തെ ദേശവിരുദ്ധ ശക്തികളിൽ നിന്ന് നിന്ന് സംരക്ഷിക്കുകയും സംസ്ഥാനത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ വിജയത്തിന് നന്ദി പറയാൻ താൻ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നും പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചാൽ പത്മനാഭ സ്വാമിക്ക് മുമ്പിൽ ദർശനം നടത്തി വണങ്ങുമെന്ന് പറഞ്ഞിരുന്നുവെന്നും ഷാ പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ പ്രതിനിധികളെ അദ്ദേഹം അഭിനന്ദിച്ചു, സംസ്ഥാനത്തെ പാർട്ടിയുടെ വിശാലമായ രാഷ്ട്രീയ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പെന്നാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ഫലത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
advertisement
കേരളത്തിന്റെ ദീർഘകാല വിശ്വാസങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം സുരക്ഷയും പുരോഗതിയും ഉറപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ബിജെപിക്കും എൻഡിഎയ്ക്കും മാത്രമേ ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയൂ എന്ന് സംസ്ഥാനത്തെ ജനങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
വികസിത ഭാരതത്തിലേക്കുള്ള പാത വികസിത കേരളത്തിലൂടെയാണെന്ന് ഷാ പറഞ്ഞു. എന്നാൽ പരസ്പര ധാരണയും അഴിമതിയും കാരണം എൽഡിഎഫും യുഡിഎഫും വികസനത്തിന് തടസം നിൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാറിമാറി വരുന്ന സർക്കാരുകൾ അഴിമതിയ്ക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഇത് സംസ്ഥാനത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വികസനം, സുരക്ഷ, വിശ്വാസ സംരക്ഷണം എന്നിവ എൽഡിഎഫിലൂടെയോ യുഡിഎഫിലൂടെയോ നേടാനാവില്ലെന്നും സംസ്ഥാനത്തിന്റെ ഭാവിക്ക് വ്യക്തവമായ ഒരു ബദൽ വാഗ്ദാനം ചെയ്യുന്നത് ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
