സ്വകാര്യമേഖലയില്‍ മൂന്നു ബ്രുവറിയും ഒരു ഡിസ്ലറിയും അനുവദിച്ചതില്‍ ക്രമക്കേടെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിനിടയിലാണ് ഓഗസ്റ്റ് 31ന് ഇറക്കിയ ഉത്തരവിലൂടെ സര്‍ക്കാര്‍ മേഖലയിലും ഡിസ്ലറി അനുവദിച്ചെന്ന വിവരം പുറത്തുവരുന്നത്.
ചാരായ നിരോധനത്തോടെ പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തിച്ച സ്ഥലത്താണ് പുതിയ മദ്യനിര്‍മാണ യൂണിറ്റിന് അനുമതി. ഇവിടെ മദ്യനിര്‍മാണ കമ്പനി തുടങ്ങാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച മലബാര്‍ ഡിസ്ലറീസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഇപ്പോള്‍ മദ്യനിര്‍മാണ അനുമതി നല്‍കിയത്.
advertisement
കിറ്റ്കോ സമര്‍പ്പിച്ച പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. പദ്ധതിക്ക് ആവശ്യമായ തുക ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് ലഭ്യമാക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ നിന്നുള്ള ജവാന്‍ എന്ന റമ്മിന്റെ ഉത്പാദനം കൂട്ടാനും സര്‍ക്കാര്‍ അനുമതി നല്‍കി. മദ്യ ഉല്‍പാദനം കൂട്ടാന്‍ ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ ഒരു ബോട്ട്ലിംഗ് ലൈന്‍ കൂടി തുടങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.