വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആര്യയെ കാണാതായത്. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്ന് എഴുതിയ കുറിപ്പ് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശരീരത്തിൽ പ്രത്യേക തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂന്നുപേരും മരിച്ചതെന്നാണ് വിവരം.
മരിച്ച ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു. കാണാതായെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആര്യയുടെ സഹ അധ്യാപികയായിരുന്ന ദേവി, ഭർത്താവ് നവീൻ എന്നിവരെ കോട്ടയം മീനടത്തുനിന്ന് കാണാതായ കാര്യം അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നുപേരും ഒരേ വിമാനത്തിൽ ആസാം തലസ്ഥാനമായ ഗുവാഹത്തിയിലേക്ക് പോയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരേക്കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് ആസാം പൊലീസിനു കൈമാറി.
advertisement
ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കും പൊലീസിനും വിവരം ലഭിച്ചത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഇവർ മരണാനന്തര ജീവിതത്തേക്കുറിച്ച് ഗൂഗിളിൽ ഉൾപ്പെടെ തിരഞ്ഞതായി അന്വേഷണ ഘട്ടത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു.
നവീനും ദേവിയും വിനോദയാത്രയ്ക്ക് എന്ന പേരിലാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. അതിനാൽ ഇവരെക്കുറിച്ച് ബന്ധുക്കൾക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. ആര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൂന്നുപേരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ ഗുവാഹത്തിയിലേക്ക് പോയതെന്ന് കണ്ടെത്തിയത്.
ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് മരിച്ച നവീനെന്നാണ് വിവരം. ഇയാളുടെ ഭാര്യ ദേവി തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ജർമൻ ഭാഷ പഠിപ്പിച്ചിരുന്നു. കോവിഡിനു ശേഷം ഇവർ സ്കൂളിൽ എത്തിയിട്ടില്ല. ആര്യ ഇതേ സ്കൂളിൽ ഫ്രഞ്ച് പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു. ആര്യയും ദേവിയും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)