TRENDING:

അവയവക്കച്ചവടത്തിന് ഇറാനിലേക്ക് മനുഷ്യക്കടത്ത്; റാക്കറ്റിലെ എറണാകുളം സ്വദേശി അറസ്റ്റിൽ

Last Updated:

മെഡിക്കൽ ടൂറിസത്തിന്റെ മറവിലാണ് ഈ റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഏജൻസി

advertisement
അനധികൃത അവയവദാനത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്തു (human trafficking) നടത്തിയതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ മധു ജയകുമാറാണ് അറസ്റ്റിലായത്.
(Image: AI Generated)
(Image: AI Generated)
advertisement

നവംബർ 8ന് ഇറാനിൽ നിന്ന് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് റിപ്പോർട്ടുണ്ട്. കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയ മധുവിനെ നവംബർ 19 വരെ എൻ‌ഐ‌എ കസ്റ്റഡിയിൽ വിട്ടു. നിലവിൽ എൻ‌ഐ‌എ ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇറാനിലെ ആശുപത്രികളുമായി സഹകരിച്ച് അവയവക്കടത്ത് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതായി ആരോപിക്കപ്പെടുന്ന മുഖ്യസൂത്രധാരനാണ് ഇയാൾ എന്ന് സംശയിക്കുന്നു.

2024 മെയ് മാസത്തിൽ ഇറാനിൽ നിന്ന് കുവൈറ്റ് വഴി എത്തിയ തൃശൂർ സ്വദേശിയെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ ബ്യൂറോ പിടികൂടിയ സംഭവത്തോടെയാണ് അന്താരാഷ്ട്ര റാക്കറ്റിന്റെ പ്രവർത്തനം ആദ്യമായി പുറത്തുവന്നത്. എടമുട്ടം സ്വദേശി സാബിത്ത് നാസർ (30) ആയിരുന്നു അറസ്റ്റിലായത്. മനുഷ്യ അവയവ വ്യാപാരത്തിലും കടത്തിലും ഏർപ്പെട്ടിരിക്കുന്ന ഒരു അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതിന്റെ പേരിൽ എറണാകുളം റൂറൽ പോലീസിന് ഇയാളെ കൈമാറി അറസ്റ്റ് രേഖപ്പെടുത്തി.

advertisement

പണം കൈപ്പറ്റി അവയവങ്ങൾ ദാനം ചെയ്യുന്നത് നിയമപരമാണെന്ന് ഇരകളെ ബോധ്യപ്പെടുത്തുകയും, 2019 ജനുവരി മുതൽ 2024 മെയ് വരെ വൃക്ക മാറ്റിവയ്ക്കലിനായി സാബിത്ത് ആളുകളെ വിദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇറാനിലെ ഒരു ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനായി ഇന്ത്യയിൽ നിന്ന് ഏകദേശം 20 പേരെ, കൂടുതലും ഉത്തരേന്ത്യയിൽ നിന്നുള്ളവരെ, ഇയാൾ ദാതാക്കളായും സ്വീകർത്താക്കളായും ഉൾപ്പെടുത്തിയതായി കരുതപ്പെടുന്നു. ഇതിനെത്തുടർന്ന്, എൻഐഎ അന്വേഷണം ഏറ്റെടുക്കുന്നതിന് മുമ്പ് എറണാകുളം റൂറൽ പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

advertisement

2024 ഓഗസ്റ്റിൽ, കേസിൽ നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മെഡിക്കൽ ടൂറിസത്തിന്റെ മറവിലാണ് ഈ റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഏജൻസി പറയുന്നു. പ്രതികളിൽ മൂന്ന് പേരെ (സാബിത്ത്, സജിത് ശ്യാം, ബെല്ലംകൊണ്ട റാം പ്രസാദ്) ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മധു ഒളിവിലായിരുന്നു. 2025 ഫെബ്രുവരിയിൽ, ഇറാനിൽ താമസിക്കുമ്പോൾ ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം നാല് പ്രതികൾക്കെതിരെയും കുറ്റം ചുമത്തി.

advertisement

ഇവർ യുവാക്കളെ അവയവദാനം ചെയ്യാൻ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് കടത്തുന്നതിൽ പങ്കാളികളാണെന്ന് എൻ‌ഐ‌എ പറഞ്ഞു. ഇന്ത്യയിലെ ദാതാക്കളെ അവർ തിരിച്ചറിഞ്ഞ്, ഏജന്റുമാർ വഴിയും സോഷ്യൽ മീഡിയ വഴിയും അവരെ ചൂഷണം ചെയ്തു കൊണ്ടുപോവുകയായിരുന്നു.

ട്രാൻസ്പ്ലാൻറ് ആവശ്യമുള്ള ഇന്ത്യൻ രോഗികളെയും സംഘം ലക്ഷ്യമിട്ടിരുന്നു. ഇറാനിൽ വൃക്ക മാറ്റിവയ്ക്കൽ സൗകര്യം ഒരുക്കുന്നതിനായി ഇവർ ഏകദേശം 50 ലക്ഷം രൂപ ഈടാക്കിയിരുന്നു. ഇറാനിൽ അവയവ വ്യാപാരം നിയമപരമാണെന്ന് പ്രതികൾ ദാതാക്കളെയും സ്വീകർത്താക്കളെയും തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

advertisement

നിയമവിരുദ്ധ വ്യാപാരം സുഗമമാക്കാൻ ഉപയോഗിച്ച സർക്കാർ ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും മുദ്രകളും ഒപ്പുകളും ഉൾപ്പെടെയുള്ള വ്യാജ രേഖകൾ അന്വേഷണത്തിൽ കണ്ടെത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The National Investigation Agency (NIA) has arrested the main accused in a case registered for human trafficking to Iran for illegal organ donation. The arrested person has been identified as Madhu Jayakumar, a native of Ernakulam

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അവയവക്കച്ചവടത്തിന് ഇറാനിലേക്ക് മനുഷ്യക്കടത്ത്; റാക്കറ്റിലെ എറണാകുളം സ്വദേശി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories