നല്ല തൊഴിലവസരങ്ങൾ ഇല്ലെങ്കിൽ ചെറുപ്പക്കാർ വഴിതെറ്റി പോകുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു. പഠനം കഴിഞ്ഞിറങ്ങുന്ന കേരളത്തിലെ ചെറുപ്പക്കാർക്ക് ഇവിടെ പണിയെടുക്കുന്ന ബംഗാളികളേക്കാൾ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരും തലമുറയെ നാട്ടിൽ നിലനിര്‍ത്താനും അവരുടെ കഴിവുകളും, അഭിരുചികളും നാടിനുവേണ്ടി ഉപയോഗപ്പെടുത്താനും സാധിക്കണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
വിദ്യാസമ്പന്നരായ, വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് ലഭിക്കുന്ന ജോലിയിൽ ശരാശരി 10,000 രൂപ മുതല്‍ 14,000 രൂപ വരെയാണ് ശമ്പളം ലഭിക്കുന്നത്. ഇന്ന് ലഹരി വസ്തുക്കള്‍ എളുപ്പത്തില്‍ വിറ്റഴിക്കാന്‍ കഴിയുന്ന വിപണിയായി കേരളം മാറി. കാരിയേഴ്‌സായി ഒരുപാട് പേരെ കിട്ടുന്നു എന്നതാണ് ഇതിന് കാരണം. നല്ല തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍, തീര്‍ച്ചയായും ഇവിടുത്തെ ചെറുപ്പക്കാര്‍ വഴിതെറ്റിപോകുമെന്നതില്‍ സംശയം വേണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.
advertisement
'ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള കോഴ്‌സാണ് നഴ്‌സിങ്. നഴ്‌സിങിന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള സമയത്ത് നമ്മള്‍ ഇവിടെ ഒരു സീറ്റ് പോലും വര്‍ധിപ്പിക്കാന്‍ തയ്യാറാകില്ല. എഞ്ചിനീയറിങ് ഉള്‍പ്പടെ ഡിമാന്‍ഡുള്ള എല്ലാ കോഴ്‌സുകളുടെയും കാര്യം ഇതാണ്. ഇങ്ങനെ വരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ പഠനത്തിനായി പോകുന്നു. അങ്ങനെ ഫീസായി മുഴുവന്‍ തുകയും അങ്ങോട്ട് പോകുന്നു. എല്ലാവരും പഠിച്ച് കഴിഞ്ഞ് ആ കാലഘട്ടം കഴിഞ്ഞപ്പോള്‍ ഇവിടെ മുഴുവന്‍ എഞ്ചിനീയറിങ് കോളേജ് സീറ്റുകള്‍ ഉണ്ടാക്കുകയാണ്. ഇപ്പോള്‍ 30,000- 40,000 സീറ്റുകള്‍ ആര്‍ക്കും വേണ്ടാതെ ഒഴിഞ്ഞു കിടക്കുകയാണ്. ബസ് പോയികഴിഞ്ഞ് കൈകാണിക്കുക, വെള്ളം ഒഴുകി കഴിഞ്ഞ് തട കെട്ടുക എന്ന് പറയുന്നത് പോലത്തെ പണിയാണ്'.
Also Read-വീടറിയാതെ നാടറിയാതെ ഭാഷയറിയാതെ; ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം മകൻ അമ്മയെ തേടിവന്നു
'എങ്ങനെയെങ്കിലും ഈ സംസ്ഥാനത്തില്‍ നിന്ന്, രാജ്യത്തില്‍ നിന്ന് പുറത്തുപോകണം എന്നാണ് പന്ത്രണ്ടാം ക്ലാസ് കഴിയുന്ന കേരളത്തിലെ ഒരു കുട്ടിയുടെ ശരാശരി മാനസികാവസ്ഥ. നമുക്ക് ഇവിടെ പ്രചോദനമാകാന്‍ കഴിയുന്ന ഒരു അന്തരീക്ഷം ഇല്ലാത്തതു കൊണ്ടാണ് ഇത്. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം, വിപുലമായ സാമൂഹിക സൂചകങ്ങള്‍ ഉള്ള കേരളം, ഇതെല്ലാം എന്താണ് അവര്‍ക്ക് പ്രചോദനമാകാത്തത്?' മാത്യു കുഴൽനാടൻ ചോദിച്ചു.
