ഹൃദ്രോഗിയായ കുടുംബനാഥനുമായ പായിപ്ര പഞ്ചായത്ത് വലിയപറമ്പില്‍ അജേഷ് ഹൃദ്രോഗത്തെ തുടർന്ന് ആശുപത്രിയിലിൽ കഴിയുമ്പോഴാണ് മൂവാറ്റുപുഴ അർബൻ ബാങ്കിന്‍റെ ജപ്തി നടപടികൾ പൂർത്തിയാക്കിയത്. പിതാവിൻ്റെ രോഗ വിവരം അറിയിച്ചിട്ടും കുട്ടികളെ പുറത്താക്കി ജപ്തി നടത്തിയ ബാങ്കിൻ്റെ നടപടിക്ക് എതിരെ കുടുംബം നിയമ നടപടിയ്ക്കും ആലോചിക്കുന്നുണ്ട്.
വിഷയത്തിൽ ഇടപെട്ട എംഎൽഎ മാത്യു കുഴൽനാടൻ വീടിൻ്റെ പൂട്ട് തകർത്താണ് കുട്ടികളെ വീടിനുള്ളിൽ പ്രവേശിപ്പിച്ചത്. കുടുംബത്തിൻ്റെ ബാധ്യതയേറ്റെടുക്കുമെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജപ്തി നടപടികൾ പൂർത്തിയാക്കരുതെന്ന് വ്യക്തമാക്കിയാണ് എം. എൽ എ മാത്യു കുഴൻനാടൻ മൂവാറ്റുപുഴ അർബൻ ബാങ്കിന്‍ കത്ത് നൽകിയത്. വായ്പയും കുടിശ്ശികയും ചേർത്തുള്ള ഒന്നര ലക്ഷത്തോളം രൂപ ഉടൻ തിരിച്ചടയ്ക്കാൻ തയ്യാറാണ്. ഇതിനുള്ള നടപടികൾ ബാങ്ക് വേഗത്തിലാക്കണമെന്നും എംഎല്‍എ കത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനൊപ്പം പട്ടിക ജാതി കുടുംബത്തിലെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരിക്കെ 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കിവിട്ടതിന് കേസ് നൽകാനും എംഎൽഎ ആലോചിക്കുന്നുണ്ട്.
advertisement
2018 - ൽ പായിപ്ര പഞ്ചായത്ത് വലിയപറമ്പില്‍ അജേഷ് വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാൽ കുടുംബത്തിന്‍റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നായിരുന്നു മൂവാറ്റുപുഴ അർബൻ ബാങ്കിന്‍റെ വിശദീകരണം.വാർത്തയറിഞ്ഞ് നിരവധി പേരാണ് കുടുംബത്തെ സഹായിക്കാനുള്ള സന്നദ്ധത എംഎൽഎയെ നേരിട്ടും, അല്ലാതെയും അറിയിച്ചത്. ഇവരുടെ സഹായം പ്രയോജനപ്പെടുത്തി കുട്ടികളുടെ തുടർ പഠനവും, വീടിൻ്റെ ശോചനീയാവസ്ഥയും പരിഹരിക്കുവാനാണ് എംഎൽഎയുടെ തീരുമാനം.
അതേ സമയം മുവാറ്റുപുഴയിൽ വീട് ജപ്തി ചെയ്ത സംഭവത്തിൽ യാഥാർത്ഥ്യം എന്തെന്നറിയാൻ കേരള ബാങ്കിനോട് ആവശ്യപ്പട്ടിട്ടുണ്ടെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. അർബൻ ബാങ്കിന്റെ നിയന്ത്രണം ആർബി ഐ ക്കാണ്. മൂവാറ്റുപുഴയിൽ സർഫാസി നിയമപ്രകാരം നടപടിയെടുത്തതെന്നാണ് മനസിലായതെന്നും മന്ത്രി പറഞ്ഞു. മറ്റൊരു കിടപ്പാടം ക്രമീകരിച്ചു മാത്രമേ ജപ്തി പാടുള്ളുവെന്നാണ് സർക്കാർ നയമെന്നും മന്ത്രി വ്യക്തിമാക്കി.