കലാശക്കൊട്ടിൽ പോലും പാട്ടും പാടി കൂളായി നിന്നയാളാണ് മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി. പാട്ട് വെറുതെ പാടുന്നതല്ല, ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുണ്ട്. കുട്ടിയായിരുന്ന കാലത്ത് ആകാശവാണിയിൽ രാവിലെ ആറരയ്ക്ക് ഉണ്ടായിരുന്ന മാപ്പിളപ്പാട്ട് അവതരണം സ്ഥിരമായി കേൾക്കുമായിരുന്നു. യു.പി സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇ.വി.കെ.ഉദിനൂർ എന്നറിയപ്പെടുന്ന കൃഷ്ണൻ മാഷാണ് ഖമറുദ്ദീനിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞത്. അദ്ദേഹത്തിനു കീഴിലായിരുന്നു ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചത്. ഏതായാലും ഖമറുദ്ദീന്‍റെ പാട്ടിനൊപ്പം മഞ്ചേശ്വരം ഒപ്പം നിന്ന് താളം പിടിച്ചാണ് വമ്പൻ വിജയം അദ്ദേഹത്തിന് സമ്മാനിച്ചത്.
advertisement
അരൂരിൽ അട്ടിമറി; ഷൈൻ ചെയ്ത് ഷാനിമോൾ ഉസ്മാൻ
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ മഞ്ചേശ്വരത്തിന്‍റെ മനസ് യു ഡി എഫിനൊപ്പം ആയിരുന്നു. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് വിജയാഘോഷവും തുടങ്ങിയിരുന്നു. മൂന്നു പതിറ്റാണ്ടായി ലീഗിനൊപ്പമുള്ള എം. സി ഖമറുദ്ദീൻ ആദ്യമായിട്ടാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
നിലവിൽ മുസ്ലിംലീഗ് കാസർകോട് ജില്ലാ പ്രസിഡന്‍റാണ്. ഖമറുദ്ദിൻ സ്ഥാനാർത്ഥിയാകുന്നതിനെതിരെ യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. പ്രതിഷേധമുയർത്തിയ നേതാക്കളുമായി നേതൃത്വം ചർച്ച ഖമറുദ്ദീന്‍റെ സ്ഥാനാർത്ഥിക്കാര്യത്തിൽ തീരുമാനമായത്. പ്രതിഷേധങ്ങൾക്ക് ഒടുവിലായിരുന്നു ഖമറുദ്ദീൻ മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ തന്നെ മഞ്ചേശ്വരത്ത് പ്രധാനപോരാട്ടം ബി ജെ പിയോട് ആയിരിക്കുമെന്ന് ഖമറുദ്ദീൻ പറഞ്ഞിരുന്നു. അത് വ്യക്തമാക്കുന്നതാണ് മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലം.
അന്തരിച്ച മുൻമന്ത്രിയും ലീഗ് നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ വിശ്വസ്തനായിരുന്നു ഖമറുദ്ദീൻ. എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് ഖമറുദ്ദീൻ എത്തിയത്. മികച്ച പ്രാസംഗികനും മാപ്പിളപ്പാട്ട് ഗായകനും കൂടിയാണ് പടന്ന എടച്ചാക്കൈ സ്വദേശിയായ ഖമറുദ്ദീൻ. നിലവിൽ യു.ഡി.എഫ് ജില്ലാ ചെയർമാനുമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഖമറുദ്ദീന്‍റെ പേര് മഞ്ചേശ്വരത്തും കാസർകോട്ടും സജീവമായി പരിഗണിച്ചിരുന്നെങ്കിലും പാണക്കാട് തങ്ങളുടെ നിർദ്ദേശം മാനിച്ച് ഒടുവിൽ അദ്ദേഹം പിന്മാറുകയായിരുന്നു.
പടന്ന എടച്ചാക്കൈയിലെ പരേതനായ എ.സി. മുഹമ്മദ്ക്കുഞ്ഞി ഹാജിയുടെയും എം.സി. മറിയുമ്മയുടെയും മകനാണു ഖമറുദ്ദീൻ. എം.ബി. റംലത്ത് ആണ് ഭാര്യ. ഡോ. മുഹമ്മദ് മിദ്‌ലാജ്, മുഹമ്മദ് മിൻഹാജ്, മറിയമ്പി, മിൻഹത്ത് എന്നിവരാണ് മക്കൾ. ബിഎക്കാരനായ ഖമറുദ്ദീൻ വ്യാപാര രംഗത്തും സജീവമാണ്.