അരൂരിൽ അട്ടിമറി വിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ. ഉപതെരഞ്ഞെടുപ്പ് നടന്ന എൽഡിഎഫിന്റെ ഏക സിറ്റിംഗ് സീറ്റിലാണ് ഷാനിമോൾ കന്നിവിജയം നേടിയത്. എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കലിനെതിരെ 2029 വോട്ടിനാണ് ഷാനിമോളുടെ വിജയം.
മൂന്നാമത്തെ മത്സരത്തിലാണ് ഷാനിമോൾ ഉസ്മാൻ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. 2006ൽ പെരുമ്പാവൂരിലും 2016ൽ ഒറ്റപ്പാലത്തും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എ എം ആരിഫിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്ന.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎല്‍എ എ എം ആരിഫ് തന്നെ മത്സരിച്ചിട്ടും അരൂർ മണ്ഡലത്തിൽ ലീഡ് അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഷാനിമോൾ അരൂരിൽ പോരാട്ടത്തിനിറങ്ങിയത്. 648 വോട്ടിന്റെ ലീഡാണ് അരൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷാനിമോൾ നേടിയത്.
ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയതുമുതൽ അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ചെറുതെങ്കിലും ലീഡ് തുടർന്നു. രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ 2197 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാൻ ലീഡ് ചെയ്തത്. അരൂരിനും അരൂക്കുറ്റിക്കും പുറമേ പെരുമ്പളം, എഴുപുന്ന, പാണാവളളി, കോടംതുരുത്ത്, തൈക്കാട്ടുശ്ശേരി, കുത്തിയതോട്, പള്ളിപ്പുറം, തുറവൂർ എന്നീ പഞ്ചായത്തുകളടങ്ങിയതാണ് അരൂർ നിയമസഭാ മണ്ഡലം.
Also Read- കോട്ട മറിച്ച് ജനീഷ്; ഈ വരുന്നത് മലയോര മേഖലയുടെ പ്രതിനിധി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aroor by-Election, Ldf, Shanimol usman, Udf