ആറ് വർഷം മുൻപുള്ളൊരു ഫ്ളാഷ് ബാക്കിൽ നിന്നാണ് നൗജിഷയുടെ അതിജീവന കഥ തുടങ്ങുന്നത്. ഭർത്താവിന്റെ കൊടിയ പീഡനം സഹിക്കാനാകാതെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി ഒരിക്കൽ നൗജിഷ. പക്ഷേ, കിണറിനടുത്തെത്തിയപ്പോഴാണ് നൗജിഷയ്ക്ക് പുനർവിചിന്തനം ഉണ്ടായത്. താൻ ആത്മഹത്യ ചെയ്യേണ്ടതില്ലെന്നും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുമെന്നും അന്ന് നൗജിഷ മനസിലുറപ്പിച്ചു.
32 കാരിയായ നൗജിഷ ഇന്നൊരു പൊലീസുകാരിയാണ്. പീഡനങ്ങളേറ്റു വാങ്ങി, എന്തു ചെയ്യണമെന്ന ആശങ്കയിലും സംശയത്തിലും നിൽക്കുന്ന അനേകം സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രചോദനമായി അവൾ തലയുയർത്തി നിൽക്കുന്നു.
advertisement
കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദധാരിയായ നൗജിഷ 2021ലാണ് പൊലീസിൽ ചേർന്നത്. തൃശൂരിലെ കേരളാ പൊലീസ് അക്കാദമിയിൽ പരേഡ് നടത്തുന്ന നൗജിഷയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഏഴുവയസുകാരനായ മകൻ ഐഹാം നസലിനൊപ്പമാണ് നൗജിഷ അന്ന് സന്തോഷം പങ്കുവെച്ചത്.
''വിവാഹമല്ല, ജോലിയാണ് സ്ത്രീകളുടെ യഥാർത്ഥ ശക്തി. നിശബ്ദരായി കഷ്ടപ്പെടുന്നതിനുപകരം, സ്ത്രീകൾ അവർ അനുഭവിക്കുന്ന അഗ്നിപരീക്ഷകളിൽ നിന്ന് പുറത്തുവരുകയും അവരുടെ സ്വപ്നങ്ങളെ പിന്തുടരുകയും വേണം. എന്റെ അനുഭവം എന്നെ പഠിപ്പിച്ചത് അതാണ്'', നൗജിഷ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലുള്ള പന്തിരിക്കര സ്വദേശിയാണ് നൗജിഷ. പ്രതിബന്ധങ്ങളെ അതിജീവിക്കാനും ഡിവോഴ്സ് നേടാനുമൊക്കെ തന്നെ സഹായിക്കുകയും പിന്തുണ നൽകുകയും ചെയ്ത മൂത്ത സഹോദരി നൗഫയെ നന്ദിയോടെ അവൾ ഓർക്കുന്നു. ഒരു സർക്കാർ ജോലി നേടുന്നതിനും നൗഫ തനിക്ക് എല്ലാ വിധ പിന്തുണയും നൽകിയിരുന്നു എന്നും നൗജിഷ പറയുന്നു. "ഞാൻ ഈ സാഹചര്യങ്ങളെ അതിജീവിക്കില്ലെന്നായിരുന്നു നൗഫ കരുതിയിരുന്നത്. എനിക്ക് ജോലി കിട്ടുന്നത് വരെ എന്റെ കൂടെ നിൽക്കുമെന്നും എന്റെ മകനെ പരിപാലിക്കുമെന്നും അവൾ വാഗ്ദാനം ചെയ്തു", നൗജിഷ പറഞ്ഞു. പേരാമ്പ്രയ്ക്ക് സമീപമുള്ള ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്റാണ് നൗഫ.
വിവാഹത്തിന് മുൻപേ തന്നെ ഒരു ജോലി വേണമെന്ന് നൗജിഷ ആഗ്രഹിച്ചിരുന്നു. വൈകിയാണെങ്കിലും അവളുടെ സ്ഥിരോത്സാഹത്തിന് ഫലമുണ്ടായി. നാല് ജില്ലകളിലെ വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കും എറണാകുളത്തെ ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്കും ഉൾപ്പെടെ നിരവധി പിഎസ്‌സി റാങ്ക്ലിസ്റ്റുകളിൽ നൗജിഷ ഇടം നേടി. 2021 ഏപ്രിൽ 15നാണ് നൗജിഷ സിവിൽ പോലീസ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചത്. നിയമന ഉത്തരവ് കയ്യിൽ കിട്ടിയപ്പോൾ താൻ കരഞ്ഞുപോയെന്നും നൗജിഷ പറയുന്നു.
മുൻ ഭർത്താവ് നൗജിഷയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. പക്ഷേ പോലീസിൽ പരാതിപ്പെടാൻ നൗജിഷക്ക് ഭയമായിരുന്നു. "അത്തരം ഭയത്തിന്റെ ആവശ്യമില്ലെന്നാണ് എനിക്ക് പറയാനുള്ളത്. ഏത് സ്ത്രീക്കും പോലീസ് സ്റ്റേഷനിൽ പോകാം. ചിലപ്പോൾ നമ്മൾ വളരെ ബലഹീനരാണെന്നു തോന്നാം. പക്ഷേ നമുക്ക് അതിനെ മറികടക്കാൻ കഴിയുമെന്ന് വിശ്വസിക്കണം. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബത്തിന്റെ പിന്തുണയും ഏറെ പ്രധാനപ്പെട്ടതാണ്", നൗജിഷ കൂട്ടിച്ചേർത്തു.
