ജെഡിഎസും എൽജെഡിയും തമ്മിലെ ലയനം അനിശ്ചിതത്വത്തിൽ. ഭാരവാഹി സ്ഥാനങ്ങൾ പങ്കുവെക്കുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കെ ലയന സാധ്യതചർച്ച ചെയ്യാന്‍ എല്‍ ജെ ഡി നേതൃയോഗം വിളിച്ചു. നിതീഷ് കുമാറിന്റെ ജെ ഡിയുവിലോ ലാലു പ്രസാദ് യാദവിന്റെ ആർ ജെ ഡിയിലോ ലയിക്കാനാണ് എൽ ജെ ഡി നീക്കം. നിതീഷ് കുമാർ ജെ ഡി യുവിലേക്ക് ക്ഷണിച്ചെന്ന് എം വി ശ്രേയാംസ് കുമാർ പറഞ്ഞു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജെ ഡി എസ് സ്വീകരിച്ച നിലപാടിനെത്തുടർന്നാണ് ജെ ഡി എസുമായി ലയിക്കാനുള്ള തീരുമാനം എല്‍ ജെ ഡി പുനപരിശോധിക്കുന്നത്. ലയന ധാരണ നടപ്പാക്കേണ്ടതിന്റെ ഉത്തവാദിത്തം ജെ ഡി എസിനാണെന്നും നിതീഷ്കുമാർഎൽ ജെ ഡി യെ ജെ ഡി യുവിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ പറഞ്ഞു.
advertisement
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഈ കഴിഞ്ഞ ജൂണിലായിരുന്നു എം വി ശ്രേയാംസ് കുമാർ നേതൃത്വം നൽകുന്ന എൽ ജെ ഡി കേരള ഘടകം ജെ ഡി എസിൽ ലയിക്കാൻ തീരുമാനിച്ചത്. പാര്‍ട്ടി ദേശീയ നേതൃത്വം ആര്‍ ജെ ഡിയില്‍ ലയിച്ചപ്പോള്‍ ജെ ഡി എസിനൊപ്പം ചേരാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഭാരവാഹി സ്ഥാനങ്ങളുടെ വീതംവെപ്പിൽ ഉടക്കി എൽ ജെ ഡി - ജെ ഡി എസ് ലയനം പിന്നെയും നീണ്ടു. ഏഴ് ജില്ലാ പ്രസിഡന്റ്, 10 സംസ്ഥാന ഭാരവാഹി എന്നിങ്ങനെ 50 ശതമാനം ഭാരവാഹത്വമായിരുന്നു ധാരണ. എന്നാല്‍ ഈ ധാരണയില് നിന്ന് ജെ ഡി എസ് പിന്നോട്ടുപോയെന്നാണ് എല് ജെ ഡി നേതാക്കൾ പറയുന്നത്. ജെ ഡിയുവും നിതീഷ്കുമാറും ബി ജെ പി കൂട്ടൂകെട്ട് ഉപേക്ഷിച്ചതും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയെ പിന്തുണക്കാനുള്ള ജെ ഡി എസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനവും പുനപരിശോധനക്ക് ആക്കംകൂട്ടി. ജെ ഡി എസുമായുള്ള ലയനത്തിനോട് പാർട്ടിക്കകത്ത് നിലനിന്നിരുന്ന അതൃപ്തി പുതിയ സാഹചര്യത്തില് വളർന്നു.
ഒടുവിലിപ്പോൾ ലയനം അത്ര എളുപ്പമല്ലെന്ന സൂചന നൽകുകയാണ് സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ. എൻ ഡി എ വിട്ട നിതീഷ് കുമാർ ജെ ഡി യുവിലേക്ക് തിരിച്ചു വിളിച്ചെന്ന് ശ്രേയാംസ് പറയുന്നു. എൻ ഡി എ ബന്ധം തനിക്ക് പറ്റിയ അബദ്ധമാണെന്നും തെറ്റ് തിരുത്തുകയാണെന്നും നിതീഷ് കുമാർ തന്നോട് പറഞ്ഞുവെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. വീരേന്ദ്ര കുമാറിന്റെ കാലത്തെ ബന്ധം ഓർമിപ്പിച്ച നിതീഷ് എൽ ജെ ഡി ജനതാദൾ യു വിലേക്ക് തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ലയനവുമായി ബന്ധപ്പെട്ട എൽ ജെ ഡി നിലപാട് ജെ ഡി എസിനെ അറിയിച്ചിട്ടുണ്ട്. ഇതിൽ അവർ നിലപാട് വ്യക്തമാക്കിയാൽ മാത്രമേ ജെ ഡി യു ക്ഷണത്തിൽ തീരുമാനം എടുക്കാൻ കഴിയുകയുള്ളു. ഇക്കാര്യം നിതീഷിനെ അറിയിച്ചിട്ടുണ്ടെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി.
കഴിഞ്ഞദിവസം ചേർന്ന എൽ ജെ ഡി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ പ്രധാന അജണ്ട ലയനമാണ്. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് തൊട്ടു മുൻപായിരുന്നു ശ്രേയാംസിന്റെ പ്രതികരണം. ജെ ഡി എസ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എയെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചതാണ് ലയനം പുനപരിശോധിക്കാൻ പ്രധാന കാരണം. ദേവഗൗഡയെ കാണാതിരുന്നത് ഇതു കൊണ്ടാണെന്നും ശ്രെയാംസ് കുമാർ പറഞ്ഞു. എൽ ജെ ഡിയുടെ നിലപാടുകൾ ജെ ഡി എസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശ്രേയാംസ് വ്യക്തമാക്കി.
ജെ ഡി എസ് ബംഗളുരുവിൽ ജെ ഡി എസ് നാഷണൽ എക്‌സിക്യുട്ടീവും ചേരുന്നുണ്ട്. എൽ ജെ ഡിയുടെ ഏക എം എല്‍ എ കെ പി മോഹനന്‍ കോഴിക്കോട് നടന്ന നേതൃയോഗത്തില്‍ പങ്കെടുത്തിട്ടില്ല. ജെ ഡി എസ് ലയനവുമായി മുന്നോട്ടുപോകണമെന്നാണ് മോഹനന്റെ നിലപാടെന്നാണ് സൂചന.
ജെഡിഎസിന് രണ്ട് അംഗങ്ങളാണ് കേരളത്തിലെ നിയമസഭയിൽ.