പാലക്കാട് ജില്ലയിലെ കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ഇതിനിടെയാണ് സംഘാടകര്‍ നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ നല്‍കാനൊരുങ്ങിയത്. വേദിയില്‍ പ്രസംഗിക്കവെ മന്ത്രി ഇതിനെ പരസ്യമായി വിമര്‍ശിക്കുകയും 10,000 രൂപ പിഴ ഈടാക്കേണ്ട സംഭവമാണ് ഉണ്ടായതെന്നും പ്രതികരിച്ചു. നിരോധിത പ്ലാസ്റ്റിക് ഉപയോഗം തടയേണ്ട വകുപ്പ് തന്നെയാണ് അത് ലംഘിച്ചത്. സർക്കാർ ഉത്തരവ് പോലും പലരും വായിച്ച് നോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ചില പരിപാടികളില്‍ പ്ലാസ്റ്റിക് ബൊക്കെ നല്‍കിയുള്ള സ്വീകരണത്തെ എം ബി രാജേഷ് വിമര്‍ശിച്ചിരുന്നു.
advertisement
അതേസമയം, പ്ലാസ്റ്റിക് ബൊക്കെ ഉപയോഗിച്ച സംഭവത്തില്‍ വിശദീകരണവുമായി കുത്തനൂർ പഞ്ചായത്ത് അംഗങ്ങള്‍ രംഗത്തെത്തി. പ്ലാസ്റ്റിക് ബൊക്കെ നല്‍കി സ്വീകരിച്ചതില്‍ വീഴ്ച്ച പറ്റിയതായി പഞ്ചായത്ത് പ്രസിഡന്റ് പി ടി സഹദേവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉദ്ഘാടന പരിപാടിയില്‍ ഹരിത പ്രോട്ടോകോള്‍ മുഴുവന്‍ പാലിച്ചിരുന്നു. എന്നാല്‍ ബൊക്കെയുടെ കാര്യത്തില്‍ വീഴ്ച്ച സംഭവിച്ചു എന്നും സഹദേവന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കുത്തനൂർ പഞ്ചായത്തിന് കെട്ടിട ഉദ്ഘാടനത്തിനിടെയായിരുന്നു പ്ലാസ്റ്റിക് ബൊക്കെ നല്‍കിയത്.