”ഞാൻ ഇതുവരെയും നേരിൽ കാണാത്ത, ഫോണിൽ പോലും സംസാരിക്കാത്ത ഒരു വ്യക്തിയുടെ സഹോദരിയുടെ മകനാണ് ഞാൻ എന്നാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. എന്റെ ഉമ്മയ്ക്ക് അഞ്ച് സഹോദരങ്ങളാണ് ഉള്ളത്. ഇപ്പോൾ പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണ്. അതും നമ്മൾ ഫോണിൽ പോലും സംസാരിക്കാത്ത ഒരു അമ്മാവനെ. പണ്ട് ജയന്റെ സിനിമയൊക്കെ കണ്ടിട്ടുണ്ട്. ജയനും നസീറും ചെറിയ കുട്ടികളായിരിക്കുന്ന സമയത്ത് പിരിയേണ്ടി വരുന്നു. പക്ഷേ വിഷുവിന് പടക്കം പൊട്ടിച്ചപ്പോഴോ മറ്റോ ഉള്ള പൊള്ളൽ കയ്യിലുണ്ടാകും. പിന്നീട് സ്റ്റണ്ടിനിടയിൽ കണ്ടുമുട്ടുമ്പോൾ ഈ പാടു കാണും. അപ്പോൾ ബാബു, ഗോപി എന്നു പറയുന്ന രംഗമുണ്ട്. അതുപോലെ എന്നെങ്കിലും കാണുമ്പോൾ പുതിയ അമ്മാവനെ കിട്ടിയ സന്തോഷം പങ്കുവയ്ക്കാം”- മുഹമ്മദ് റിയാസ് പറഞ്ഞു.
advertisement
”ജനാധിപത്യ രാജ്യത്തിൽ എന്തും പറയാം. പക്ഷേ അതിൽ പറയുന്നതിന്റെ നിലവാരം അളക്കാനും ഏതു സ്വീകരിക്കണമെന്നു നിശ്ചയിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. അതു ഞാൻ പറഞ്ഞാലും അങ്ങനെയാണ്, മറ്റാരെങ്കിലും പറഞ്ഞാലും അങ്ങനെയാണ്. അതുകൊണ്ടു ഒന്നും പറയരുതേ, എനിക്കത് പ്രയാസമാകും എന്നു പറഞ്ഞ് കരയുന്നവരല്ല ഞങ്ങൾ. തിരിച്ചും ചില കാര്യങ്ങൾ ഇതേ അർത്ഥത്തിൽ അല്ലെങ്കിലും പറയുന്നവരാണ്. രാഷ്ട്രീയമായാണ് കാര്യങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത്. ആരെയും വ്യക്തിഹത്യ നടത്താൻ ഉദ്ദേശിക്കുന്നില്ല”- മന്ത്രി വ്യക്തമാക്കി.
Also Read- ‘പ്രധാനമന്ത്രീ, അങ്ങ് പറഞ്ഞത് സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണം’: മന്ത്രി മുഹമ്മദ് റിയാസ്
വിദേശത്തെ സംശയകരമായ ഉറവിടത്തിൽ നിന്നു ഫാരിസ് അബൂബക്കർ വഴി വൻതോതിൽ കള്ളപ്പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നതായുള്ള ആദായനികുതി ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചെന്നൈ ആദായനികുതി യൂണിറ്റിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി 73 ഇടങ്ങളിൽ തിങ്കളാഴ്ച മുതൽ പരിശോധന നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഫാരിസിനെയും മന്ത്രി റിയാസിനെയും ബന്ധപ്പെടുത്തി വിവാദങ്ങൾ ചൂടുപിടിച്ചത്.