'2019-ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ ഗവൺമെന്റ് ആശുപത്രിയിലായിരുന്നു. ഗവൺമെന്റ് ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശുപാര്‍ശ ചെയ്തു. എന്നെ അമൃതയില്‍ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ 14 ദിവസം ബോധമില്ലായിരുന്നു. ഞാന്‍ രക്ഷപ്പെട്ടു. അപ്പോള്‍ അമൃത ആശുപത്രി മോശമാണോ. അതൊക്കെ ഈ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യങ്ങളാണ്' എന്നായിരുന്നു മന്ത്രി പറഞ്ഞത്.
ആദ്യ പ്രസ്‍താവന വിവാദമായ പാശ്ചാത്തലത്തിലാണ് ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെ മന്ത്രിയുടെ വിശദീകരണം.
advertisement
മന്ത്രിയുടെ കുറിപ്പിന്റെ പൂർണ രൂപം
ഇന്ന് നേരത്തെ ഞാൻ നടത്തിയ ഒരു പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ ഞാൻ ഇകഴ്ത്തി സംസാരിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. ഈ വിഷയത്തിൽ എനിക്കുള്ള നിലപാട് കൂടുതൽ വ്യക്തമാക്കാനാണ് ഈ കുറിപ്പ്.
സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയമാണ് നമ്മുടെ സർക്കാർ ആശുപത്രികൾ. ഒന്നാം പിണറായി വിജയന്‍ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പൊതുജനാരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനും, ആധുനിക ചികിത്സാ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും, വിദഗ്ദ്ധരായ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം ഉറപ്പാക്കുന്നതിനും ഞങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
എന്റെ പ്രസ്താവനയിൽ, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചാണ് ഞാൻ സൂചിപ്പിച്ചത്. എനിക്ക് ഡെങ്കിപ്പനി ബാധിച്ച് അബോധാവസ്ഥയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നപ്പോൾ, എന്നെ ചികിത്സിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടർ തന്നെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റെഫർ ചെയ്ത് എന്റെ ബന്ധുക്കളോട് പറയുന്നത്. ആ സമയത്തെ എന്റെ ആരോഗ്യനിലയും ചികിത്സയുടെ ആവശ്യകതയും പരിഗണിച്ച് എടുത്ത ഒരു തീരുമാനമായിരുന്നു അത്. മെഡിക്കൽ കോളേജിലേക്കാണ് റെഫർ ചെയ്തിരുന്നതെങ്കിൽ എന്നെ അങ്ങോട്ട് കൊണ്ടുപോകുമായിരുന്നു. അല്ലാതെ, ഏതെങ്കിലും ഒരു ചികിത്സാ സംവിധാനം മോശമായതുകൊണ്ടോ മറ്റൊന്നിന് മേന്മ കൂടുതലുള്ളതുകൊണ്ടോ ആയിരുന്നില്ല ആ തീരുമാനം. അക്കാര്യം പറഞ്ഞത് തെറ്റായി വളച്ചൊടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
യു.ഡി.എഫ്. ഭരണകാലത്ത് കാലിത്തൊഴുത്ത് പോലെയായിരുന്ന സര്‍ക്കാര്‍ ആശുപത്രികളെ, സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന നിലയിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകളാണ്. ഈ യാഥാർത്ഥ്യം ആർക്കും നിഷേധിക്കാനാവില്ല. സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളെ കൂടുതൽ ശക്തമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾവെച്ച് നടത്തുന്ന ഇത്തരം തെറ്റിദ്ധാരണ ജനകമായ പ്രചാരണങ്ങളെ പൊതുജനങ്ങൾ തള്ളിക്കളയണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.