അഖില്‍ മാത്യു തന്‍റെ ബന്ധുവല്ല. തന്‍റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ആള്‍ മാത്രമാണ്. ആയുഷ് മിഷൻ മെയിൽ പുറത്തുവന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും തന്റെ ഓഫിസ് ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പരാതി ലഭിച്ചപ്പോള്‍ തന്നെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തോട് ഇതേപ്പറ്റി ചോദിച്ചിരുന്നു.അദ്ദേഹത്തിന് ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിവും ഇല്ലെന്ന് വസ്തുതകൾ നിരത്തി അറിയിച്ചെന്നും മന്ത്രി വ്യക്തമാക്കി.
advertisement
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. അഴിമതിയാണ്. അഴിമതി വച്ചുപൊറുപ്പിക്കാൻ പറ്റില്ല. പോലീസ് അന്വേഷിക്കട്ടെ. ശാസ്ത്രീയമായി തെളിവുകൾ ഉണ്ടല്ലോ. കുറ്റം ചെയ്തവർ സംരക്ഷിക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം സ്വദേശി ഹരിദാസ് ആണ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ പരാതിയുമായി രംഗത്തിരിക്കുന്നത്. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്തു പണം വാങ്ങി എന്നാണ് പരാതി.
താത്കാലിക നിയമനത്തിന് അഞ്ചു ലക്ഷം ചോദിച്ചു ,മുൻകൂറായി 1.75 ലക്ഷം രൂപ നൽകിയെന്നും ഹരിദാസ് പറഞ്ഞു. ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയത് പത്തനംതിട്ട CITU മുൻ ഓഫീസ് സെക്രട്ടറി ആണെന്നും ഇയാൾക്ക് 75000 രൂപ നൽകിയെന്നും പരാതിക്കാരൻ പറയുന്നു.
മന്ത്രിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ സ്റ്റാഫ് അംഗത്തിന് ഒരു ലക്ഷം രൂപയും നൽകി. നിയമന ഉത്തരവ് ഇ മെയിലായി വന്നെങ്കിലും ജോലി കിട്ടിയില്ല .മലപ്പുറം സ്വദേശിയായ മരുമകൾക്ക് വേണ്ടിയായിരുന്നു ജോലിക്ക് ശ്രമിച്ചത് എന്നും ഹരിദാസ് മലപ്പുറത്ത് പറഞ്ഞു.