ഇളവൂർ തടത്തിമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്‍റെയും ധന്യയുടെയും മകൾ ദേവനന്ദയെയാണ്(ആറ്) കഴിഞ്ഞദിവസം വീടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കെ കാണാതായത്. വീടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടിയെ വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് കാണാതായത്. വീടിനടുത്തെ പള്ളിക്കൽ ആറിനു സമീപത്തെ വഴിയിലൂടെ ഒരു കിലോമീറ്ററോളം പൊലീസ് നായ സഞ്ചരിച്ചുവെങ്കിലും തെളിവുകൾ ലഭിച്ചിരുന്നില്ല.
കൊല്ലം എഴുകോൺ ഇളവൂരിലാണ് ആറുവയസുകാരി ദേവനന്ദയെ കാണാതായത്. ആറുമാസം പ്രായമുള്ള ഇളയ കുഞ്ഞിനെ ഉറക്കി വീടിനു പിറകിൽ തുണി അലക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മകളെ കാണാതായി എന്നാണ് ദേവനന്ദയുടെ അമ്മ ധന്യ പറയുന്നത്. തിരികെയെത്തിയപ്പോഴാണ് കുട്ടി വീട്ടിൽ ഇല്ലെന്ന കാര്യം മനസിലായത്. വീടിനകത്ത് വാഹനങ്ങളുടെ ശബ്ദം കേട്ടിരുന്നില്ല.
advertisement
വീടിന് അടുത്തെ പള്ളിക്കൽ ആറിനു സമീപത്തെ വഴിയിലൂടെ ഒരു കിലോമീറ്ററോളം പൊലീസ് നായ സഞ്ചരിച്ചു എങ്കിലും മറ്റു തെളിവുകൾ ലഭിച്ചില്ല. ഇടയ്ക്ക് വിജനമായ പ്രദേശത്തെ കുറ്റിക്കാടിനടുത്തും പൊലീസ് നായ നിന്നു. പൊലീസ് നായ സഞ്ചരിച്ച വഴിയിലൂടെ പോയാൽ കുളത്തൂപ്പുഴ റോഡിൽ പ്രവേശിക്കാനാകും. ആറുവയസുകാരിയുടെ വീടിനു മുന്നിൽ നിന്ന് പിന്നിലേക്ക് ഓടിയ പൊലീസ് നായ സമീപത്തെ ആളൊഴിഞ്ഞ വീടിന്‍റെ മതിൽ ചാടിക്കടന്നു.
കുട്ടിയുടെ അച്ഛൻ വിദേശത്താണ്. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടികളുമായി ധന്യ കഴിയുന്നത്.