മൊണാലിസക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്ന് രേഖപ്പെടുത്തിയ ജനനസർട്ടിഫിക്കറ്റ് ഓൺലൈനിൽ വൈറലായിരുന്നു. എന്നാൽ, പോലീസ് സ്റ്റേഷനിൽ തനിക്ക് 18 വയസ് തികഞ്ഞു എന്ന് അവകാശപ്പെട്ടാണ്, കാമുകൻ ഫർമാൻ ഖാനൊപ്പം അവർ അഭയം തേടിയത്. ഒരു സിനിമയിൽ ഒന്നിച്ചഭിനയിച്ചുള്ള പരിചയമാണ് ഇവർ തമ്മിൽ.
തിരുവനന്തപുരത്തെ അരുമാനൂർ നൈനാർ ദേവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹം രജിസ്റ്റർ ചെയ്ത രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു.
വിവാഹ രജിസ്റ്റർ, ആധാർ കാർഡ് പകർപ്പുകൾ, വിവാഹം നടത്തിത്തരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇരുവരുടെയും അപേക്ഷ, ക്ഷേത്രത്തിൽ നിന്നും നൽകിയ വിവാഹ സർട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ചതായി ക്ഷേത്രയോഗം പ്രസിഡന്റ് വ്യക്തമാക്കി.
advertisement
വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതായിരുന്നു 18 കാരിയായ മൊണാലിസയുടെ പ്രശ്നം. പിതാവിനെതിരെ അവർ പരാതിയും നൽകി. തിരുവനന്തപുരം പൂവാറിൽ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് മൊണാലിസയും കാമുകൻ ഫർമാൻ ഖാനും സംരക്ഷണം തേടി തമ്പാനൂർ പോലീസിൽ എത്തുകയായിരുന്നു. ഇവരുവരും രണ്ടു മതവിഭാഗങ്ങളിൽ നിന്നുള്ളവരാണ്. മൊണാലിസയുടെ വീട്ടുകാർക്ക് അവരുടെ തന്നെ ഒരു ബന്ധുവിനെക്കൊണ്ട് മകളെ വിവാഹം ചെയ്യിക്കാനായിരുന്നു ആഗ്രഹം. പക്ഷെ മൊണാലിസയ്ക്ക് പ്രണയം ഫർമാനോട് മാത്രം. മലയാളം, തമിഴ് സിനിമാ മേഖലകളിലെ നടനും, മോഡലുമാണ് ഇദ്ദേഹം.
പൂവാറിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുമാണ്, ഒരേ സിനിമയിലെ അഭിനേതാക്കളായ മൊണാലിസയും ഫർമാനും പോലീസിൽ സഹായം തേടിയത്. മാർച്ച് 11 വൈകുന്നേരത്തോടു കൂടിയായിരുന്നു വിവാഹം. യഥാർത്ഥ കേരളാ സ്റ്റോറിയാണ് ഇതെന്ന് വിവാഹവേളയിൽ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കേരളത്തിൽ ബോബി ചെമ്മണ്ണൂരിന്റെ ജൂവലറിയുടെ ഉദ്‌ഘാടനത്തിനെത്തിയ സമയത്താണ് മൊണാലിസ കൂടുതൽ ശ്രദ്ധ നേടുന്നത്. മലയാള ഭാഷയോ ഒരു വാക്കോ പറയാൻ അറിയാതിരുന്ന മൊണാലിസയ്ക്ക് പക്ഷേ തിങ്ങിക്കൂടിയ ആരാധകരുടെ കാര്യത്തിൽ തെല്ലും പഞ്ഞമുണ്ടായിരുന്നില്ല. അറിയപ്പെടുന്ന ചലച്ചിത്ര താരങ്ങളെക്കൊണ്ട് ഉദ്‌ഘാടനം ചെയ്യിക്കാറുള്ള ബോബി ചെമ്മണ്ണൂരിന്റെ വ്യത്യസ്ത പരീക്ഷണമായിരുന്നു മൊണാലിസ. നിരവധി സംസ്ഥാനങ്ങളിൽ നിന്നും മൊണാലിസയ്ക്ക് സിനിമാ, മോഡലിംഗ് ഓഫറുകൾ വന്നുചേർന്നിരുന്നു. അതിനിടെയാണ് അവർ മലയാള സിനിമയിലും ഒരു കൈ പരീക്ഷണത്തിന് എത്തിച്ചേർന്നത്.
