സജി മഞ്ഞക്കടമ്പിലിനെ ഇതുവരെ എല്ലാ കാര്യങ്ങളിലും പൂർണമായി സഹകരിപ്പിച്ചു. ഉത്തരവാദിത്തമുള്ള ചുമതല നൽകിയിരുന്നു. അദ്ദേഹം ഇപ്പോൾ എടുത്തിരിക്കുന്ന നിലപാട് വഞ്ചനാപരമാണ്. മറുചേരിയെ സഹായിക്കുന്ന നിലപാടാണ് ഉണ്ടായത്. എന്തിന് ചെയ്തു എന്ന് വ്യക്തമല്ല. നോമിനേഷൻ നൽകിയ ദിവസം പ്രചരണ വാഹനത്തിലും അദ്ദേഹം ഉണ്ടായിരുന്നു. ഇന്ന് പാലായിൽ പത്ര സമ്മേളനം നടത്താൻ തീരുമാനിച്ചപ്പോഴും വരാം എന്ന് അദ്ദേഹം സമ്മതിച്ചിരുന്നുവെന്നും മോൻസ് ജോസഫ് പറഞ്ഞു.
''രാജിവക്കാനുള്ള സാഹചര്യം എന്താണെന്ന് പാർട്ടിയും യുഡിഎഫും അന്വേഷിക്കട്ടെ. സജി പോയതിന്റെ ദുരൂഹത പരിശോധിക്കണം. ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണ്. ഞാൻ എന്ന വ്യക്തി മാത്രമായി ഒരു തീരുമാനവും എടുക്കാനാകില്ല. എന്നെ മാത്രമായി കുറ്റപ്പെടുത്തണം എങ്കിൽ ആരോ പിന്നിലുണ്ടെന്ന് സംശയം. എന്നോട് വിരോധമുള്ള പാർട്ടിയോ വ്യക്തികളോ ആണെന്നാണ് സംശയം. അപരന്മാരുടെ പത്രിക തള്ളിയതിനു പിന്നാലെ ആണ് രാജി എന്നത് സംശയകരം''- മോൻസ് ജോസഫ് പറഞ്ഞു.
advertisement
സജി മഞ്ഞക്കടമ്പിലിനെ കോട്ടയം ജില്ലാ പ്രസിഡന്റ് ആക്കാനുള്ള നിർദേശം മുന്നോട്ടുവച്ചത് താനാണെന്നും മോൻസ് പറഞ്ഞു. ജോസഫ് ഗ്രൂപ്പിൽ വന്ന ശേഷം സജിയുടെ സമ്പത്ത് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഏറ്റുമാനൂർ സീറ്റ് പ്രിൻസിനു നൽകിയപ്പോൾ സജി അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോൾ യുഡിഫ് ജില്ലാ ചെയർമാൻ സ്ഥാനം വേണം എന്ന് സജി ആവശ്യപ്പെട്ടു. അങ്ങനെ ആണ് യുഡിഫ് ജില്ലാ ചെയർമാൻ സ്ഥാനം സജിക്ക് നൽകിയത്. സജി പാർട്ടിയിൽ തുടരട്ടെ എന്ന് തന്നെ ആണ് ആഗ്രഹം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് പരിഗണിക്കാം എന്ന് പറഞ്ഞിരുന്നു.- മോൻസ് ജോസഫ് പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സ്ഥാനവുമാണ് സജി രാജിവെച്ചത്. പാർട്ടിയിൽ മോൻസ് ജോസഫിന്റെ പീഡനം മൂലമാണ് തന്റെ രാജിയെന്നായിരുന്നു സജി മഞ്ഞക്കടമ്പിൽ ആരോപിച്ചത്.