കണ്ടുകെട്ടിയ ആസ്തികളില്‍ നിഷാദിന്റെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും ഒന്നിലധികം അക്കൗണ്ടുകളിലെ ബാങ്ക് ബാലന്‍സും ഉള്‍പ്പെടുന്നു. നിഷാദിന്റെ കൂട്ടാളികളിൽ ഒരാളുടെ ഭൂമി ഉള്‍പ്പെടെയുള്ള സ്ഥാവര സ്വത്ത്, മറ്റൊരാൾ കുറ്റകൃത്യംത്തിന്റെ ഭാഗമായി വാങ്ങിയ ക്രിപ്റ്റോ കറന്‍സികള്‍ക്ക് തുല്യമായ ഇന്ത്യൻ രൂപ എന്നിവയും കണ്ടുകെട്ടിയ ആസ്തികളില്‍ ഉള്‍പ്പെടുന്നതായി ഇഡി പറഞ്ഞു.
കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. മലപ്പുറം, കണ്ണൂര്‍ തുടങ്ങി വിവിധ ജില്ലകളിലായി കേരള പോലീസ് ഒന്നിലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്ഐആര്‍ പ്രകാരം 900ലധികം നിക്ഷേപകരിൽ നിന്ന് 1200 കോടി രൂപയുടെ തട്ടിപ്പാണ് നിഷാദും സംഘവും നടത്തിയത്.
advertisement
മോറിസ് കോയിന്‍ ക്രിപ്റ്റോ കറന്‍സി പുറത്തിറക്കുന്നതിനായി ലോംഗ് റിച്ച് ഗ്ലോബല്‍, ലോംഗ് റിച്ച് ടെക്നോളജീസ്, മോറിസ് ട്രേഡിംഗ് സൊല്യൂഷന്‍സ് തുടങ്ങിയ തന്റെ വിവിധ കമ്പനികള്‍ വഴി നിക്ഷേപകരില്‍ നിന്ന് ഇനീഷ്യല്‍ കോയിന്‍ ഓഫറിന്റെ മറവില്‍ നിഷാദ് പണം ശേഖരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
മാത്രമല്ല, സെലിബ്രിറ്റികളുടെ സാന്നിധ്യത്തില്‍ പ്രൊമോഷണല്‍ പരിപാടികള്‍ നടത്തിയും വെബ് അധിഷ്ഠിത ആപ്ലിക്കേഷനുകള്‍ വഴി ഓരോ നിക്ഷേപകര്‍ക്കും ഇ വാലറ്റുകള്‍ നല്‍കിയും നിക്ഷേപകരെ ആകർഷിച്ചു. "രാജ്യത്തെ നിർദ്ദിഷ്ട ഏജന്‍സികളില്‍ നിന്നും നിയമപരമായ അനുമതി നേടാതെയാണ് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ ശേഖരിച്ചത്. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ പറ്റിക്കുകയായിരുന്നു'', ഇഡി പ്രസ്താവനയില്‍ പറഞ്ഞു.
ഇങ്ങനെ സ്വീകരിച്ച നിക്ഷേപം നിഷാദും കൂട്ടാളികളും നടത്തിയിരുന്ന കമ്പനികളിലൂടെ വഴിമാറ്റി. ഈ പണം ഭൂമിയും വിവിധ ക്രിപ്റ്റോകറന്‍സികളും ആഡംബര കാറുകളും വാങ്ങാനും ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ചെലവഴിക്കുന്നതിനുമാണ് ഉപയോഗിച്ചതെന്ന് ഇ.ഡി. പറയുന്നു.
''എഥീറിയം, ബി.ടി.സി. ബി.എന്‍.ബി., വൈ.എഫ്.ഐ., വെറ്റ്, അഡ, യു.എസ്.ഡി.ടി. എന്നിവ പോലുള്ള ക്രിപ്റ്റോകറന്‍സികളാണ് ഇവര്‍ വാങ്ങിയത്. 25,82,794 രൂപയാണ് ഇവയുടെ ആകെ മൂല്യം. ഇവയെല്ലാം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റി കണ്ടുകെട്ടി'', ഇഡി പറയുന്നു. കേരളം, കര്‍ണാടക, തമിഴ്നാട്, ന്യൂ ഡല്‍ഹി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലായി 11 സ്ഥലങ്ങളില്‍ നടത്തിയ തിരച്ചില്‍ നടപടികളുടെ ഫലമായി കോടിക്കണക്കിന് സ്ഥാവരജംഗമങ്ങളുടെയും മറ്റ് സ്വത്തുക്കളുടെയും വിശദാംശങ്ങളും ഇഡി കണ്ടെത്തി.