ആലപ്പുഴയിലെ തോല്‍വി പഠിക്കാന്‍ കെപിസിസി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. അംഗങ്ങളെ തീരുമാനിക്കാന്‍ കെപിസിസി പ്രസിഡന്റിനെ നേതൃയോഗം ചുമതലപ്പെടുത്തി. അതേസമയം നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതി യോഗത്തിലും ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പങ്കെടുത്തില്ല. നോമ്പ് കാരണമാണ് വരാത്തതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും തോല്‍വിയുടെ പശ്ചാത്തലത്തിലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് ആലപ്പുഴ. അവിടെ തോല്‍ക്കാനുണ്ടായ കാരണം അന്വേഷിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
advertisement
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തുടരണമെന്ന പ്രമേയവും കെപിസിസി പാസാക്കി. ശബരിമല പ്രശ്‌നത്തില്‍ യുഡിഎഫിന്റെ നിലപാട് ജനങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചു എന്നതിന് തെളിവാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം. അക്രമ രാഷ്ട്രീയം ഉയര്‍ത്തിക്കാണിച്ചതും കേരളത്തിലെ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും ഞങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന കെ.പി.സി.സി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.