പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിലർ വേദി വിട്ടിറങ്ങി. പാലക്കാട് നഗരസഭ ബി.ജെ.പി കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ മിനി കൃഷ്ണകുമാറാണ് വേദിയിൽ നിന്നും ഇറങ്ങി പോയത്. നേരത്തെ രാഹുലിനെ ശാസ്ത്രമേളയുടെ സ്വാഗത സംഘം രൂപീകരണ യോഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. മന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവരും വേദിലുണ്ടായിരുന്നു.
advertisement
മന്ത്രി വി. ശിവൻകുട്ടിയാണ് ശാസ്ത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ, എക്സ്പോ വിഭാഗങ്ങളിലായി നഗരത്തിലെ ആറു വേദികളിലാണ് മത്സരങ്ങൾ നടക്കുക.14 ജില്ലകളിൽ നിന്നായി 8500 ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്.അടുത്ത വർഷം മുതൽ ശാസ്ത്രമേളയ്ക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്നും സമ്മാനത്തുകയും വർധിപ്പിക്കുമെന്നും മേള ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
