കഴിഞ്ഞ നവംബര്‍ 21നാണ് പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം നടന്നത്. ഇതില്‍ ഒന്നാംപ്രതി കാപ്പ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ശരണ്‍ ചന്ദ്രനാണ്. കേസിൽ നാലാം പ്രതിയാണ് സുധീഷ്. ശരണ്‍ ചന്ദ്രന്‍ കേസില്‍ ജാമ്യംനേടിയിരുന്നു. സുധീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ശരണ്‍ ചന്ദ്രനൊപ്പം കഴിഞ്ഞ ദിവസം സിപിഎമ്മില്‍ചേര്‍ന്നവരില്‍ സുധീഷുമുണ്ടായിരുന്നു.
പാര്‍ട്ടി അംഗത്വമെടുത്തതിന് പിന്നാലെ മൈലാടുപാറ സ്വദേശി യദുകൃഷ്ണനെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. കുമ്പഴ ജംഗ്ഷനില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. വലിക്കാനായി കൈയില്‍ കരുതിയതാണെന്ന് എക്സൈസ് പറഞ്ഞു.
advertisement
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദുകൃഷ്ണനും കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനും സുധീഷുമടക്കം 62 പേര്‍ പത്തനംതിട്ടയില്‍ സിപിഎമ്മില്‍ ചേര്‍ന്നത്. കുമ്പഴയില്‍ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം. ശരണ്‍ ചന്ദ്രന് പാര്‍ട്ടി അംഗത്വം നല്‍കിയത് വിവാദമായിരുന്നു. പിന്നാലെ, പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും മന്ത്രി വീണാ ജോര്‍ജും ന്യായീകരണവുമായി എത്തിയിരുന്നു.
കാപ്പ ചുമത്തിയാല്‍ ജീവിതകാലം മുഴുവന്‍ പ്രതിയാകില്ലെന്നാണ് ജില്ലാ സെക്രട്ടറി വിശദീകരിച്ചത്. തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍ അതുപേക്ഷിച്ചാണ് സിപിഎമ്മിന്റെ ഭാഗമായതെന്ന് മന്ത്രി വീണാ ജോര്‍ജും പറഞ്ഞു. പിന്നാലെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നയാള്‍ കഞ്ചാവുമായി പിടിയിലായത്.
യദുകൃഷ്ണനെ കേസില്‍ കുടുക്കുകയായിരുന്നെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു പറഞ്ഞത്. യുവമോര്‍ച്ചയുമായി ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥൻ അസീസാണ് ഇതിന് പിന്നിലെന്നും സിപിഎം നേതാക്കൾ പറഞ്ഞിരുന്നത്. എന്നാല്‍, എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.