എപ്പോ വേണമെങ്കിലും എടുത്തടിക്കാവുന്ന പരിഹാസത്തിന്റെ, കുറ്റപ്പെടുത്തലിന്റെ, ചോദ്യം ചെയ്യലിന്റെ ഒക്കെ ഒരു വടി ഈ ജനതയുടെ തലക്ക് മുകളിൽ ആരോ തൂക്കിയിട്ടിട്ടുണ്ട്. ചരിത്രത്തിൽ അങ്ങനൊരു അജണ്ട രൂപപ്പെടുത്തി വെച്ചിട്ടുണ്ട് എന്നതാണ് വസ്തുതയെന്ന് കുഞ്ഞാലിക്കുട്ടി കുറിച്ചു.
ഇതിനെ അതിജയിക്കാൻ യഥാർത്ഥ ചരിത്രത്തെ അവതരിപ്പിക്കുക എന്നത് തന്നെയാണ് മാർഗ്ഗമെന്നും. മുഖ്യധാരാ ചരിത്രം മറച്ചു പിടിക്കുന്ന മലപ്പുറത്തിന്റെ യഥാർത്ഥ ബഹുസ്വര മുഖം അവതരിപ്പിക്കുക മാത്രമല്ല, അപനിർമിതികളെ മായ്ച്ചു കളയേണ്ടതുമുണ്ട്. ചരിത്രപരമായ ഈ ഒരു ദൗത്യം മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നു എന്നത് ഏറെ സന്തോഷമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
ഫേസ്ബുക്ക് പോസ്റ്റ്
മലപ്പുറം പോലെ യാഥാർഥ്യങ്ങളുടെ മേൽ തെറ്റിദ്ധാരണകളുടെ കരിമ്പടം പുതക്കുന്ന മറ്റൊരു നാടുണ്ടാകില്ല. ഈ നാടിന്റെ നന്മയെക്കുറിച്ചുള്ള ബോധ്യത്തിൽ നിൽകുമ്പോൾ പോലും എന്ത് സംഭവിച്ചാലും അതിന്റെ മികവിനെക്കാൾ ന്യൂനത പ്രസരണം ചെയ്യുന്നൊരു ദുർവിധി പലപ്പോഴും മലപ്പുറത്തിനുണ്ട്. മറ്റെല്ലാ നാടുകളെയും പോലെയോ അതിന് മീതെയോ ആണ് ഈ നാടിന്റെ സ്നേഹവും, സംസ്കാരവും, പൈതൃകവും, സാഹിത്യവും എന്നുള്ളത് ഈ നാടിന്റെ മണ്ണും മനസ്സും തൊട്ടറിഞ്ഞാൽ മനസ്സിലാകും. പക്ഷെ, എപ്പോ വേണമെങ്കിലും എടുത്തടിക്കാവുന്ന പരിഹാസത്തിന്റെ, കുറ്റപ്പെടുത്തലിന്റെ, ചോദ്യം ചെയ്യലിന്റെ ഒക്കെ ഒരു വടി ഈ ജനതയുടെ തലക്ക് മുകളിൽ ആരോ തൂക്കിയിട്ടിട്ടുണ്ട്. ചരിത്രത്തിൽ അങ്ങനൊരു അജണ്ട രൂപപ്പെടുത്തി വെച്ചിട്ടുണ്ട് എന്നതാണ് വസ്തുത.
ഇതിനെ അതിജയിക്കാൻ യഥാർത്ഥ ചരിത്രത്തെ അവതരിപ്പിക്കുക എന്നത് തന്നെയാണ് മാർഗ്ഗം. നമ്മളെ കുറിച്ച്, നമ്മുടെ പൈതൃകത്തെ കുറിച്ച്, നമ്മുടെ സാഹിത്യത്തെ കുറിച്ച്, പാരമ്പര്യങ്ങളെക്കുറിച്ച്, ദേശസ്നേഹത്തെകുറിച്ച്, സാഹോദര്യത്തെക്കുറിച്ച് നമ്മൾ തന്നെ അഭിമാനത്തോടെ, തികഞ്ഞ ബോധ്യത്തോടെ ഉറക്കെ പറയേണ്ടതുണ്ട്. മുഖ്യധാരാ ചരിത്രം മറച്ചു പിടിക്കുന്ന മലപ്പുറത്തിന്റെ യഥാർത്ഥ ബഹുസ്വര മുഖം അവതരിപ്പിക്കുക മാത്രമല്ല, അപനിർമിതികളെ മായ്ച്ചു കളയേണ്ടതുമുണ്ട്.
ചരിത്രപരമായ ഈ ഒരു ദൗത്യം മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നു എന്നത് ഏറെ സന്തോഷമുണ്ടാക്കുന്നു.
"മ: ലൗ-ലെഗസി-ലിറ്ററേച്ചർ" എന്ന ശീർഷകത്തിൽ മലപ്പുറം ലിറ്ററേച്ചർ ആന്റ് കൾച്ചറൽ ഫെസ്റ്റിവെലിലൂടെയും അനുബന്ധ പരിപാടികളിലൂടെയും സർഗാത്മകവും, മൗലികവുമായ മാർഗങ്ങളിലൂടെ മലപ്പുറത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് യൂത്ത് ലീഗ്. അപരവൽക്കരണത്തിന്റെയും അപനിർമിതികളുടെയും കാലത്ത് മലപ്പുറത്തിന്റെ വൈവിധ്യങ്ങളും ബഹുസ്വരതയും ആഘോഷിക്കുന്ന ഈ ഫെസ്റ്റിവൽ ചേർന്നുനിൽപ്പിന്റെ പുതിയൊരു സാംസ്കാരിക ഇടം തുറക്കുമെന്നുള്ളത് തീർച്ചയാണ്.
ആശംസകൾ നേരുന്നു.