ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ ജോർജ് എന്നിവർ ആണ് ഇന്ന് പത്രിക നൽകിയത്. ഇവരുടെ പത്രിക സ്വീകരിച്ചാൽ യു ഡിഎഫിലെ കെ. ഫ്രാൻസിസ് ജോർജിന് (കേരള കോൺഗ്രസ്) രണ്ട് അപരന്മാരാകും. അദ്ദേഹത്തെക്കൂടാതെ പി.ഒ. പീറ്റർ (സമാജ്‌വാദി ജന പരിഷത്ത്), ചന്ദ്രബോസ് പി. (സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ), സുനിൽ കുമാർ (സ്വതന്ത്രൻ), ജോസിൻ കെ. ജോസഫ് (സ്വതന്ത്രൻ), മന്മഥൻ (സ്വതന്ത്രൻ), ഫ്രാൻസിസ് ഇ. ജോർജ് (സ്വതന്ത്രൻ), ഫ്രാൻസിസ് ജോർജ് (സ്വതന്ത്രൻ) എന്നിവർ പത്രിക നൽകി. പത്രിക സമർപ്പിക്കാനുള്ള അവസാന സമയം വ്യാഴാഴ്ച വൈകിട്ട് മൂന്നുവരെയായിരുന്നു. വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മുമ്പാകെയാണ് എല്ലാവരും പത്രിക സമർപ്പിച്ചത്.
advertisement
മുമ്പ് മൂവാറ്റുപുഴ മണ്ഡലത്തിൽ രണ്ട് പ്രധാന കേരളാ കോൺഗ്രസുകൾ ഏറ്റുമുട്ടിയ അവസരത്തിൽ അപരന്മാർ സാമ്യമുള്ള ചിഹ്നത്തിൽ പിടിച്ച വോട്ട് നിർണായകമായിരുന്നു. 1980ൽ കുതിര ചിഹ്നത്തിൽ മത്സരിച്ച ജോർജ് ജെ മാത്യുവിന്റെ പരാജയത്തിന് ഒട്ടകം ചിഹ്നത്തിൽ മത്സരിച്ച ജോർജ് ഇടയാക്കിയിരുന്നു. അന്ന് ആനയും കുതിരയും ആയിരുന്നു മുഖ്യ എതിരാളികളായ ജോർജുമാരുടെ ചിഹ്നം എങ്കിൽ മൂന്നാമത് വന്ന ജോർജിന്റെ ചിഹ്നം ഒട്ടകം ആയിരുന്നു.
പിന്നീട് 2004 ൽ കേന്ദ്രമന്ത്രി പി സി തോമസ് കേരളാ കോൺഗ്രസിലെ ജോസ് കെ മാണിയുമായി ഏറ്റുമുട്ടിയപ്പോൾ രണ്ട് അപരൻ മാർ പി സി തോമസ് എന്ന പേരിൽ ഉണ്ടായിരുന്നു. അവരുടെ ചിഹ്നങ്ങളാകട്ടെ ഹാർമോണിയവും വീടും ആയിരുന്നു. ഇതിന് വോട്ടിങ്ങിൽ മന്ത്രി പി സി തോമസിന്റെ ചിഹ്നമായ ടെലിവിഷനുമായി നല്ല സാമ്യം തോന്നുമായിരുന്നു. എന്തായാലും രണ്ടാളും കൂടി 5189 വോട്ട് നേടിയപ്പോൾ പി സി തോമസ് ജയിച്ചത് കേവലം 529 വോട്ടിനും.
തോമസ് ചാഴികാടൻ (കേരളാ കോൺഗ്രസ് എം), ബേബി മത്തായി (കേരളാ കോൺഗ്രസ് എം), തുഷാർ (ബിഡിജെഎസ്), വിജുമോൻ ചെറിയാൻ (ബഹുജൻ സമാജ് പാർട്ടി), തമ്പി (എസ്.യു.സി.ഐ.-സി), സ്വതന്ത്രസ്ഥാനാർഥികളായി ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്, സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം. എന്നിവർ മുമ്പ് പത്രിക നൽകിയിരുന്നു. പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച രാവിലെ 11ന് കളക്‌ട്രേറ്റിലെ വിപഞ്ചിക ഹാളിൽ നടക്കും. ഏപ്രിൽ എട്ടുവരെ നാമനിർദേശ പത്രിക പിൻവലിക്കാം. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.