ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതില്‍ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ദേശീയ വനിതാ കമ്മീഷന്‍ നടത്തിയത്. ഹേമ കമ്മീഷൻ റിപ്പോർട്ട് മൂന്ന് മാസത്തിനകം പുറത്ത് വിടണമായിരുന്നു. റിപ്പോര്‍ട്ട് വനിതാ കമ്മീഷന് നൽകിയിട്ടില്ല. പരാതിക്കാര്‍ക്ക് റിപ്പോർട്ട് നൽകിയില്ലെങ്കിൽ വനിതാ കമ്മീഷൻ ഇടപെടും. സംസ്ഥാനത്തേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു. ഡബ്ല്യുസിസി നിരന്തരം പരാതി നൽകിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഏറെ നാളായുണ്ട്. ആഭ്യന്തരപരാതി പരിഹാര സംവിധാനം പ്രൊഡക്ഷൻ ഹൗസുകളിലില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു.
advertisement
റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. എന്നാല്‍ റിപ്പോർട്ടിന്‍റെ കണ്ടെത്തലുകളും നിർദേശങ്ങളും പുറത്തുവിടണമെന്ന് സർക്കാരിന് എഴുതി നൽകിയിരുന്നുവെന്നും മന്ത്രി ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഡബ്ല്യുസിസി പ്രതികരിച്ചു. ജനുവരി 21 ന് മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഡബ്ല്യുസിസി പറഞ്ഞത് രണ്ട് കാര്യങ്ങളാണ്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ പേരുകൾ പരസ്യപ്പെടുത്തരുത്. റിപ്പോർട്ടിന്‍റെ കണ്ടെത്തലുകളും ശുപാർശകളും പരസ്യമാക്കണം.
എന്നാല്‍ മന്ത്രി പി രാജീവ് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്‍റെ പരിപാടിയിൽ പറഞ്ഞത് ഇങ്ങനെ- 'ഡബ്ല്യുസിസി പ്രതിനിധികളെ ഞാൻ കണ്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന് അവർ തന്നെ മീറ്റിങ്ങിൽ ആവശ്യപ്പെട്ടു. കമ്മീഷൻ ഓഫ് എന്‍ക്വയറീസ് ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ റിപ്പോർട്ട് പരസ്യമാക്കേണ്ട കാര്യമില്ല'. മാധ്യമ പ്രവർത്തകർ നേരിട്ട് കണ്ടപ്പോഴും മന്ത്രി ഈ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്.