നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കൈപ്പത്തി അടയാളത്തിൽ ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ എം സ്വരാജ് (എൽഡിഎഫ്), താമര അടയാളത്തിൽ മോഹൻ ജോർജ് (എൻഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർത്ഥികൾ. കത്രിക അടയാളത്തിൽ പി വി അൻവറും എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും രംഗത്തുണ്ട്. ഇവർ ഉൾപ്പെടെ 10 സ്ഥാനാർത്ഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഈ മാസം 23 നാണ് വോട്ടെണ്ണൽ.
ഇടതുസ്വതന്ത്രനായി നിലമ്പൂരിൽ ജയിച്ച പി വിഅൻവർ സർക്കാരുമായുണ്ടായ തർക്കത്തെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നിലമ്പൂർ നീങ്ങിയത്. 2021 ലെ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 46.9 % വോട്ടും നേടി 2700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൻവർ കോൺഗ്രസിന്റെ വി വി പ്രകാശിനെ തോൽപ്പിച്ചത്. മൂന്നാംവട്ടവും ഭരണം ലക്ഷ്യമിടുന്ന പിണറായി വിജയൻ സർക്കാരിനും നിലമ്പൂരിലെ വിധിയെഴുത്ത് നിർണായകമാണ്. ഭരണവിരുദ്ധ വികാരമുണ്ടെന്ന വാദം ശരിവക്കാൻ യുഡിഎഫിന് മണ്ഡലം പിടിച്ചെടുത്തേ മതിയാവൂ. അടിയൊഴുക്കുകളിൽ പ്രതീക്ഷയർപ്പിക്കുകയാണ് പി വി അൻവർ.
263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ. 14 പ്രശ്ന സാധ്യത ബൂത്തുകൾ. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ 2,32,381 വോട്ടർമാരുണ്ട്. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.