നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്ത എല്ലാ ഭക്തര്‍ക്കും അതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കൂപ്പണ്‍ എടുത്തവര്‍ക്ക്‌സന്നിധാനത്ത് തങ്ങാന്‍ അവസരം നല്‍കുന്നുണ്ട് നെയ്യഭിഷോകം നടത്താനാകാതെ ഭക്തര്‍ മടങ്ങിയെന്ന വാര്‍ത്ത തെറ്റിദ്ധാരണാജകമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
രാവിലെ 3.15 മുതല്‍ പകല്‍ 12.30 വരെ നെയ്യഭിഷേകം നടത്തുന്നതിനുള്ള സൗകര്യമുണ്ടെന്നാണ് ദേവസ്വം അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ശബരിമലയിലും പരിസരങ്ങളിലും ജാഥയോ പ്രകടനമോ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.
സന്നിധാനത്ത് താമസിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ബുക്ക് ചെയ്യാം. നടപ്പന്തല്‍, സോപാനം, വടക്കേനട, ഫ്‌ളൈ ഓവര്‍, പതിനെട്ടാം പടിക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ എന്നിവ അതി സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
സോപാനം, മാളികപ്പുറം, ഫ്‌ളൈഓവര്‍, പതിനെട്ടാംപടിക്ക് സമീപമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ഷൂസ്, ബെല്‍റ്റ് എന്നിവ ധരിക്കേണ്ടതില്ല. മറ്റ് സ്ഥലങ്ങളില്‍ ആവശ്യമായ യൂണിഫോം ധരിക്കേണ്ടതാണ്. ഭക്തരെ സ്വാമി എന്ന വാക്ക് ഉപയോഗിച്ച് സംബോധന ചെയ്യരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

