ഇടുക്കി രാജമലയിൽ വാഹനത്തിൽ നിന്നും റോഡിലേക്ക് വീണ ഒന്നരവയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇഴഞ്ഞ് വനംവകുപ്പ് ചെക്ക്പോസ്റ്റിലെത്തിയ കുട്ടിയെ വനപാലകർ പൊലീസിന് കൈമാറി. കുട്ടി വീണതറിയാതെ മാതാപിതാക്കൾ 50 കിലോമീറ്ററോളം വാഹനത്തിൽ യാത്ര തുടർന്നു. ഞായറാഴ്ച രാത്രി പത്ത് മണിക്കായിരുന്നു സംഭവം. നിസാര പരിക്കേറ്റ കുട്ടിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
കമ്പിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ ദമ്പതികൾ ഞായറാഴ്ച രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. വൈകുന്നേരത്തോടെ പഴനിയില്‍ നിന്നും മടങ്ങുന്നതിനിടെ രാജമല അഞ്ചാം മൈലില്‍ വച്ചായിരുന്നു സംഭവം. വളവു തിരിയുന്നതിനിടയില് ജീപ്പിന്റെ അരികിലിരുന്ന മാതാവിന്റെ കൈയില്‍ നിന്നും കുട്ടി തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടു പോകുകയും ചെയ്തു. ഈ സമയം രാത്രി കാവല്‍ ഡ്യൂട്ടിയലേര്‍പ്പെട്ടിരുന്ന വനം വകുപ്പ് ജീവനക്കാര്‍ സിസിടിവി ക്യാമറയില്‍ കുഞ്ഞ് റോഡില്‍ ഇഴഞ്ഞു നടക്കുന്നത് കണ്ടു. തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ വനം വകുപ്പ് ഓഫീസിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നൽകി.
advertisement
കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കാനായിരുന്നു വിവരമറിഞ്ഞ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ആര് ലക്ഷ്മി വനപാലകർക്ക് നൽകിയ നിർദേശം. തുടർന്ന് കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലിത്തിച്ചു. മൂന്നാർ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. ഇതിനിടയില്‍ പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ കമ്പിളികണ്ടത്തെ വീട്ടിലെത്തി, വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയിലാണ് കുട്ടി ഇല്ലെന്ന് തിരിച്ചറിയുന്നത്. ജീപ്പില്‍ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. വെള്ളത്തൂവല്‍ സ്റ്റേഷനില്‍ നിന്നും മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോളാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്.
Also Read- വായും കാലും മുറുക്കിക്കെട്ടി റോഡരികിൽ തള്ളി; നൂറോളം തെരുവ് നായ്ക്കൾ കൊല്ലപ്പെട്ട നിലയിൽ
മൂന്നാര്‍ ആശുപത്രിയില്‍ കുഞ്ഞ് സുരക്ഷിതമായുണ്ടെന്ന് വിവരം ധരിപ്പിച്ച ശേഷം മാതാപിതാക്കളെ മൂന്നാറില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കമ്പിളിക്കണ്ടത്തു നിന്നും യാത്ര പുറപ്പെട്ട് മൂന്നു മണിയോടെ മൂന്നാറിലെത്തിയ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.
വനപാലകരുടെ സമയോചിതമായ ഇടപെടലാണ് അമ്മു എന്ന് വിളിക്കുന്ന രോഹിതയുടെ ജീവൻ രക്ഷിച്ചത്. കുഞ്ഞിനെ കൈയിൽ വെച്ച് മാതാവ് ഉറങ്ങിയപോയതാകാം അപകട കാരണമെന്നാണ് നിഗമനം. കുട്ടി വീണ ആളൊഴിഞ്ഞ പ്രദേശം കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങാറുള്ള മേഖലയാണ്. തെരുവ് നായ ശല്യവും ഇവിടെ രൂക്ഷമാണ്.