കെപിസിസിയുടെ (KPPCC)പുതിയ നേതൃത്വത്തിന്റെ തീരുമാനങ്ങളിൽ കടുത്ത അതൃപ്‌തിയിലാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പുനഃസംഘടന നിർത്തി വെക്കണമെന്ന ഇരുവരുടെയും ആവശ്യം കെപിസിസി നേതൃത്വം പരിഗണിച്ചില്ല . ഹൈക്കമാൻഡും ഗ്രൂപ്പുകളെ അവഗണിച്ചു. അതൃപ്‌തി പരസ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരും മുന്നണി യോഗത്തിൽ നിന്നും വിട്ടു നിന്നത് എന്നാണ് സൂചന.
advertisement
രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ ഇരുനേതാക്കളും പങ്കെടുത്തിരുന്നു. ഇതിനുശേഷം മുന്നണി യോഗത്തിനു എത്തുമെന്നായിരുന്നു സൂചനയെങ്കിലും രണ്ടുപേരും വീടുകളിലേക്ക് മടങ്ങുകയാണ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് ഉമ്മൻചാണ്ടി പങ്കെടുക്കാത്തത് എന്നതാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ വിശദീകരണമെങ്കിലും ഉമ്മൻചാണ്ടി ഇത് നിഷേധിച്ചു.
തങ്ങളെ പൂർണമായി അവഗണിക്കുന്നു എന്ന വിലയിരുത്തൽ ഉള്ള ഗ്രൂപ്പ് നേതാക്കൾ പ്രതിഷേധം പരസ്യമായി അറിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കങ്ങൾ എന്നാണ് സൂചന.
സർക്കാരിനെതിരായ നിർണായക സമരപരിപാടികൾ പ്രഖ്യാപിക്കാൻ ആയിരുന്നു ഇന്ന് യോഗം ചേർന്നത്. കെ-റെയിൽ സമരവും അട്ടപ്പാടി ശിശു മരണവും യുഡിഎഫ് പ്രധാന പ്രചരണ വിഷയമാക്കുക ആണ്. കണ്ണൂരിൽ ആയതിനാൽ എന്നാൽ കെപിസിസി പ്രസിഡൻറ് കെ സുധാകരനും യോഗത്തിൽ പങ്കെടുത്തില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കാത്തത് സംബന്ധിച്ച് പ്രതികരിക്കാൻ പ്രതിപക്ഷനേതാവ് തയ്യാറായതുമില്ല.