തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് രാവുറങ്ങാതെ അന്ത്യമോപചാരം അര്‍പ്പിച്ച് കേരളം. അർധരാത്രിയും പുലർച്ചെയും ആയിരങ്ങൾ ജനനായകനെ കാണാൻ വഴിയരികിൽ കാത്തുനിന്നതോടെ വിലാപയാത്ര മണിക്കൂറുകൾ വൈകി.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. അർധരാത്രിയിലും പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്ര കൊട്ടാരക്കരയിൽ ചൊവ്വാഴ്ച മുതൽ സർവമത പ്രാർഥനയുമായി കാത്തിരുന്ന നാട്ടുകാർ വാഹനം പൊതിഞ്ഞു.
രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്. 11.30ന് അടൂരിലും പുലർച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോൾ വാഹനങ്ങൾക്കു നീങ്ങാൻ കഴിയാത്ത വിധം ആൾക്കൂട്ടം. കുട്ടികളുൾപ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്.മൂന്നു മണിയോടെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെത്തുമ്പോഴും തിരക്കുകൂട്ടി. തിരുവല്ലയിൽ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി.
കോട്ടയം ജില്ലയിലേക്കു കടന്നപ്പോൾ അന്ത്യയാത്ര 22 മണിക്കൂറിലേറെ പിന്നിട്ടിരുന്നു. 27 മണിക്കൂറിലേറെ സമയം എടുത്ത് എത്തിയ തിരുനക്കരയിലെ പൊതുദർശനത്തിനു ശേഷം പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലും പൊതുദർശനം. തുടർന്നു വലിയപള്ളി സെമിത്തേരിയിൽ പ്രത്യേക കബറിടത്തിൽ 3.30നു സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.
ചൊവ്വാഴ്ച പുലർച്ചെ ബംഗളുരുവിൽ വെച്ചായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യം. ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക എയർ ആംബുലൻസിലാണ് ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവന്നത്.ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ ഉമ്മൻചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങളായിരുന്നു. ഏറെ വികാരഭരിതമായ രംഗങ്ങളാണ് പുതുപ്പള്ളി വീട്ടിൽ ഉണ്ടായത്. മുതിർന്ന നേതാവ് എ കെ ആന്‍റണി പൊട്ടിക്കരഞ്ഞു.
ജഗതിയിലെ പുതുപ്പള്ളി വീട്ടിൽനിന്ന് ഭൗതികശരീരം ഏഴ് മണിയോടെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരും ഉൾപ്പടെ ആയിരക്കണക്കിന് ആളുകൾ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. പിന്നീട് പാളയം സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനമുണ്ടായിരുന്നു.
രാത്രി പത്തരയോടെ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ആസ്ഥാനമായ ശാസ്തമംഗലം ഇന്ദിരാഭവനിൽ എത്തിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് തങ്ങളുടെ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
തത്സമയവിവരങ്ങൾ ചുവടെ