പൊലീസ് മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച ഇവർക്ക് റസാഖിൻ്റെ മരണശേഷം അനുകൂലമായ ഉത്തരവ് ലഭിച്ചു.
കാൻസർ രോഗിയുടെ സമാധാനപരമായ ജീവിതത്തിന് അയൽവാസിയുടെ നായയുടെ കുര തടസ്സമാകുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, പരാതിയിൽ മാനുഷികമായ സമീപനത്തോടെ പരിഹാരമുണ്ടാക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു.
വർഷങ്ങൾക്കുമുമ്പ് മകൾക്ക് കുഞ്ഞുണ്ടായപ്പോൾ കിടപ്പുമുറിയോട് ചേർന്നുള്ള നായക്കൂട് മാറ്റണമെന്ന് റസാഖ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അയൽവാസി അതിന് തയ്യാറായില്ല. പിന്നീട് കഴിഞ്ഞ ഒക്ടോബറിൽ റസാഖിന് കാൻസർ സ്ഥിരീകരിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. ഭർത്താവിൻ്റെ ദുരിതത്തിന് പരിഹാരം തേടി ഭാര്യ സീനത്ത് ആദ്യം പൊലീസിനും പിന്നീട് കോഴിക്കോട് കോർപ്പറേഷനിലും പരാതി നൽകി. തുടർന്ന് മുഖ്യമന്ത്രിയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചു.
advertisement
റസാഖിൻ്റെ ആരോഗ്യം മോശമായപ്പോൾ ഗൈനക്കോളജിസ്റ്റായ മകൾ വി.വി. ഷാനിബ വയനാട്ടിലെ ആശുപത്രിയിലേക്ക് സ്ഥലംമാറ്റം വാങ്ങി. തുടർന്ന് റസാഖുമായി അവിടേക്ക് താമസം മാറുകയും അവിടെ നിന്നുകൊണ്ട് കീമോ ചികിത്സ നടത്തുകയും ചെയ്തു.
മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് ജൂലൈ അവസാനത്തോടെ പട്ടിക്കൂട് ഒരു മീറ്റർകൂടി മാറ്റി. എന്നാൽ, നായയുടെ കുര കാരണം റസാഖിന് സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. റസാഖിന്റെ മരണശേഷം കൂട് കിടപ്പുമുറിയുടെ ഭാഗത്തുനിന്ന് മാറ്റണമെന്നും, രാത്രിയിൽ നായയെ പുറത്തിറക്കരുതെന്നും ആവശ്യപ്പെട്ട് സീനത്ത് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് മനുഷ്യാവകാശ കമ്മിഷൻ്റെ അനുകൂല വിധി വന്നത്.
"ആ മനുഷ്യൻ അത്രമേൽ അനുഭവിച്ചു. ഇനി ആ കുഞ്ഞിനെങ്കിലും സ്വസ്ഥമായി ഉറങ്ങാൻ ആ കൂട് ഒന്ന് മാറ്റിയിരുന്നെങ്കിൽ," സീനത്ത് മാതൃഭൂമിയോട് പറഞ്ഞു.