പരിപാടിയിൽ പങ്കെടുത്തത് വികസന പ്രവർത്തനമെന്ന നിലയിലാണെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കി. വാർഡ് കൗൺസിലറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പാർട്ടി രേഖാമൂലമോ വിളിച്ചറിയിച്ചോ ഒരു നിർദേശവും തന്നിട്ടില്ലെന്നും അവർ അറിയിച്ചു. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും എന്നാൽ താൻ സ്വന്തം പാർട്ടി വിട്ട് കോൺഗ്രസിൽ ചേരില്ലെന്നും പ്രമീള പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടത് ഗുരുതരമായ വീഴ്ചയാണെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തൽ. ലൈംഗികാരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ രാഹുലിനെ പൊതുവേദികളിൽ വിലക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. ഓഗസ്റ്റിലെ ഒരു പരിപാടിയിൽ പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ട് നഗരസഭാ ഉപാധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസ് രാഹുലിന് നൽകിയ കത്ത് പുറത്തുവന്നിരുന്നു.
advertisement
ഇന്നലെ നടന്ന റോഡ് ഉദ്ഘാടന പരിപാടിയിലാണ് പ്രമീള ശശിധരൻ രാഹുലിനൊപ്പം വേദി പങ്കിട്ടത്. രാഹുലുമായി വേദി പങ്കിടരുതെന്ന പാർട്ടി തീരുമാനം നഗരസഭാ അധ്യക്ഷ കാറ്റിൽ പറത്തിയെന്ന വികാരമാണ് പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുന്നത്. രാഹുൽ രാജിവെക്കും വരെ ബി.ജെ.പി. പ്രതിഷേധം തുടരുമെന്നും ഒരാളും അദ്ദേഹവുമായി വേദി പങ്കിടരുതെന്നുമാണ് പാർട്ടി നിലപാടെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ വ്യക്തമാക്കി. ജില്ലാ നേതൃത്വം വിഷയം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി. നേതാവ് സി. കൃഷ്ണകുമാർ കോർ കമ്മിറ്റിയിൽ ശക്തമായി ആവശ്യപ്പെട്ടു. രാഹുലുമായി വേദി പങ്കിട്ടത് കടുത്ത സ്ത്രീവിരുദ്ധതയാണെന്നും, പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ പ്രമീളയെ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചതും പ്രമീളയാണെന്നും കൃഷ്ണകുമാർ ആരോപിച്ചു.
