നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ സ്ഥാപിച്ചിട്ടുള്ള യൂറോപ്യൻ ക്ലോസറ്റിൽ വെച്ച് അരിപ്പയുപയോഗിച്ച് കോഴിയിറച്ചി കഴുകുന്നത് കണ്ടെത്തി. മുഷിഞ്ഞ കർട്ടൻ മറച്ച ഭാഗത്തായിരുന്നു പാചകം. പാചകപ്പുരയിലും ഭക്ഷണം വിളമ്പുന്ന ഭാഗവും വൃത്തിഹീനമാണ്. ഹോട്ടലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കടുത്ത ദുർഗന്ധമാണ് അനുഭവപ്പെട്ടതെന്നും അധികൃതർ അറിയിച്ചു. പഴകിയ ചിക്കൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ഇവിടെ നിന്ന് പിടിച്ചെടുത്തു.
വൃത്തിഹീനമായ സാഹചര്യങ്ങൾ കൂടാതെ കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്നങ്ങളും ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടി. കെട്ടിടത്തിന്റെ വരാന്തകളും മുറികളും പരിസരവും ശുചിമുറികളും എല്ലാം മലിനമാണ്. മാലിന്യവും മലിനജലവും കെട്ടിടത്തിന്റെ പിൻഭാഗത്തേക്കാണ് തള്ളുന്നത്. ഇത് ഇടുങ്ങിയ തോട്ടിലൂടെ സമീപത്തെ പുഞ്ചയിലേക്കാണ് ഒഴുകിയെത്തുന്നത്. കൂടാതെ, ഒരു സുരക്ഷാക്രമീകരണവുമില്ലാതെയാണ് പത്തോളം വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിട്ടുള്ളത്. കൊച്ചുകുട്ടികളും സ്ത്രീകളുമടക്കം താമസിക്കുന്ന ഈ കെട്ടിടത്തിൽ ഒരു തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും അസാധ്യമാകുന്ന ഗുരുതര സ്ഥിതിയാണുള്ളതെന്നും അധികൃതർ അറിയിച്ചു. കെട്ടിട ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എസ്.എൽ.സോൺ സുന്ദർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത എസ്.പിള്ള, അമൽ പി.നായർ എന്നിവരും എസ്ഐ ആർ.മനോജ് കുമാറിന്റെ നേതൃത്വത്തിൽ പോലീസുമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. മെഡിക്കൽ ഓഫിസർ ഡോ.ആർ.ഹരികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ റസിയ ബീഗം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
advertisement
