ബിഹാറിലെ ഗോസിയമധി ഗ്രാമത്തിൽ നിന്നും തൊഴിലന്വേഷിച്ച് 2001ലാണ് പ്രമോദ് കുമാറും ഭാര്യ ബിന്ദു ദേവിയും കുട്ടികളുമായി കേരളത്തിൽ എത്തുന്നത്. പല ജോലികൾ ചെയത് കുടുംബം മുന്നോട്ട് കൊണ്ടു പോകവെ അയാൾ ഒന്നുറപ്പിച്ചിരുന്നു, മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കണം.
എട്ടാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന ഒരച്ഛന്റെ തീരുമാനം കൂടിയായിരുന്നു അത്. SSLC യിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ മകൾ പായൽ, ബിരുദത്തിൽ ഒന്നാം റാങ്കു നേടി അച്ഛന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയാണ്.
advertisement
പഠനവുമായി മുന്നോട്ട് പോകാനാണ് പായലിന‍്റെ തീരുമാനം. സ്ത്രീകൾ ജോലിക്ക് പോകുന്നത് ശീലമില്ലാത്ത തന്റെ ജന്മ ഗ്രാമത്തിൽ ഒരിക്കൽ കൂടി പോകാനും പായലിനു ആഗ്രഹമുണ്ട്. എറണാകുളം കാങ്ങരപ്പടിയിലെ വാടക വീട്ടിലാണ് ഇപ്പോൾ പ്രമോദ് കുമാറും കുടുംബവും താമസം.
ഫീസ് അടക്കമുള്ള കാര്യങ്ങളിൽ പിന്തുണയുമായി പഠിച്ചിരുന്ന പെരുമ്പാവൂരിലെ മാർ തോമ കോളേജ് മാനേജ്മെൻറും അധ്യാപകരും ഒപ്പമുണ്ടായിരുന്നു. എല്ലാവരോടും കുടുംബം നന്ദി പറയുന്നു.
ജ്യേഷ്ഠൻ ആകാശ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജത്തി പല്ലവി രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും.