പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് പിസി ജോർജ് സംസാരിച്ചത്. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് അബദ്ധ ജടിലമായ പ്രസ്ഥാവന ആണെന്ന് പി സി ജോർജ് ആരോപിച്ചു. മതം മാറുന്ന എല്ലാരും രജിസ്റ്റർ ചെയ്തിട്ട് ആണോ ചെയ്യുന്നത് എന്ന് പി സി ജോർജ് ചോദിക്കുന്നു. പാവങ്ങളെ പ്രേമിച്ചു പൊന്നാനിയിൽ കൊണ്ട് പോയി മതം മാറ്റുകയാണ് ചെയ്യുന്നത് എന്ന് ജോർജ് ആരോപിച്ചു.
advertisement
മുഖ്യമന്ത്രി ആദ്യം പറഞ്ഞത് അല്ല ഇപ്പോൾ പറയുന്നത് എന്നും പി സി ജോർജ് ആരോപിച്ചു. 'മുഖ്യമന്ത്രി പള്ളിക്കൂടത്തിൽ പോയിട്ടില്ല എന്ന് ആണ് തോന്നുന്നത്. അല്ലേൽ റെക്കോർഡ് പരിശോധന നടത്താതെ ഓരോന്ന് വിളിച്ചു പറയുമോ' എന്നായിരുന്നു ജോർജിന്റെ ചോദ്യം. കേരളത്തിലെ തീവ്രവാദ കേസുകളെക്കുറിച്ച് എൻ ഐ എ യുടെ റിപ്പോർട്ട് പരാമർശിച്ചു കൊണ്ടാണ് പിസി ജോർജ് മുഖ്യമന്ത്രിയെ തള്ളി പറഞ്ഞത്.
തീവ്രവാദത്തെക്കുറിച്ച് മുൻപ് വിഎസ് അച്യുതാനന്ദൻ പറഞ്ഞ കാര്യം പിണറായി ഓർക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് എസ്ഡിപിഐ പേടി ആണെന്നും അതുകൊണ്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് എന്നും പി സി ജോർജ് ആരോപിച്ചു.
പാലാ ബിഷപ്പിനെ പൂർണ്ണമായും ന്യായീകരിച്ച് ആണ് പിസി ജോർജ് സംസാരിച്ചത്. പാലാ ബിഷപ്പ് മാപ്പ് പറയുന്നത് കേട്ട ശേഷം ചാകാം എന്ന് ആരും കരുതണ്ട എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിക്കെതിരെയും പി സി ജോർജ് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ജോസ് കെ മാണി പിണറായിക്ക് ഒപ്പം തുടരരുത് എന്ന് പിസി ജോർജ് ആവശ്യപ്പെട്ടു. ജോസ് കെ മാണി രാജിവെച്ച് മുന്നണി വിട്ട് പുറത്തുവരണം. അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടി സഭയെ തള്ളി പറയുന്നത് ശരിയാണോ എന്ന് ജോസ് ആലോചിക്കണം. കേരളത്തിൽ ഈഴവ ജിഹാദ് ഇല്ല എന്നും പി സി ജോർജ്ജ് പറഞ്ഞു. അത് പറഞ്ഞ അച്ചന് തലയ്ക്ക് സുഖമില്ല. മാപ്പ് പറഞ്ഞെങ്കിലും അയാൾക്ക് ഒരു അടി കൂടി കിട്ടാൻ അർഹതയുണ്ട് എന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.
പ്രതിപക്ഷനേതാവ് വി ഡി സതീശന് എതിരെയും പിസി ജോർജ് രംഗത്ത് വന്നു. സതീശൻ ആണ് ഈ വിഷയം ഈ പരുവം ആക്കിയത് എന്ന് പി സി ജോർജ് ആരോപിച്ചു. വിഡി സതീശൻ പാലാ ബിഷപ്പിനെ തള്ളി തുടക്കത്തിൽ രംഗത്തുവന്നത് ചൂണ്ടിക്കാട്ടി ആയിരുന്നു ജോർജ് വിമർശിച്ചത്. വിഷയം തണുത്തപ്പോഴാണ് സതീശൻ പ്രകടനം നടത്തിയത്. അദ്ദേഹം ആത്മസംയമനം പാലിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
എട്ടുനോമ്പ് തിരുനാൾ ടിപ്പു സുൽത്താൻ സ്ത്രീകളെ പിടിക്കാൻ വന്നപ്പോൾ ക്രിസ്ത്യൻ സ്ത്രീകൾ പള്ളിയിൽ കയറി ഒളിച്ചിരുന്നതിന്റെ ഭാഗം ആണ് എന്നും പി സി ജോർജ്ജ് പറഞ്ഞു. അഭിമാനം രക്ഷിക്കാൻ വേണ്ടി പള്ളിയിൽ കയറി ഒളിച്ചതിന്റെ എട്ടാം ദിവസം ആണ് മാതാവിന്റെ തിരുനാൾ എന്നും അദ്ദേഹം പറഞ്ഞു.
വിവാഹത്തിനുശേഷം മതംമാറ്റം നടക്കുന്നു എന്നത് കണക്കിലെടുത്താൽ തന്റെ മകനും ജിഹാദ് ആണെന്നും പിസി ജോർജ് പറഞ്ഞു. അതുകൊണ്ടുതന്നെ തനിക്കും പിണറായി വിജയനും ഒക്കെ എന്തും വിളിച്ചു പറയാം. മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ല എന്നും ജോർജ് കൂട്ടിച്ചേർത്തു.