നിയന്ത്രണം വിട്ട ഓട്ടോ വഴിയാത്രക്കാരനായ ശങ്കറിനെ ഇടിക്കുകയായിരുന്നു. പരുക്കേറ്റതിനെ തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചിരുന്ന ശങ്കർ തിങ്കളാഴ്ചയാണ് മരിച്ചത്. ഓട്ടോ ഓടിച്ച എ. ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ കളവംകോടം സ്വദേശി എം. ആർ രജീഷിനെതിരെ വാഹനം അലക്ഷ്യമായി ഓടിച്ച് അപകടമരണമുണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടാകും. സംഭവത്തെ കുറിച്ച് ചേർത്തല സിഐ വി. പി മോഹൻലാലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
advertisement
ഞായറാഴ്ച വയലാർ രക്തസാക്ഷി മണ്ഡപത്തിന് സമീപം വെച്ചാണ് ഓട്ടോ ഡ്രൈവർ അവലൂക്കുന്ന് സ്വദേശി മനോജ് മദ്യപിച്ചെന്ന സംശയത്തെ തുടർന്ന് ഓട്ടോ പിടിച്ചത്. രജീഷും എഎസ്ഐ കെ. എം ജോസഫും ചേർന്നാണ് ഓട്ടോ പിടിച്ചെടുത്ത്. പരിശോധന സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനാൽ മനോജിനെയും കൂടെയുണ്ടായിരുന്ന ഉണ്ണിക്കുട്ടനെയും പിന്നിലിരുത്തി സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
വയലാർ പാലം ഇറങ്ങുന്നതിനിടെ ഓട്ടോ നിയന്ത്രണംവിട്ട് നടന്നുപോവുകയായിരുന്ന ശങ്കറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. സമീപത്തെ കടയുടെ ബോർഡ് തകർത്ത് ചെറിയൊരു മരത്തിൽ ഇടിച്ചാണ് ഓട്ടോ നിന്നത്. ഓട്ടോയിൽ ഉണ്ടായിരുന്നവർക്ക് കാര്യമായ പരുക്കില്ല.
മരിച്ച ശങ്കർ കൂലിപ്പണിക്കാരനാണ്. ഓമനയാണ് ശങ്കറിന്റെ അമ്മ. കവിരാജ്, പുഷ്പൻ എന്നിവർ സഹോദരങ്ങളാണ്.
