പിഎം ശ്രീയിൽ ചേരുന്നതിനെ സി.പി.ഐ. ശക്തമായി എതിർത്തിരുന്നുവെങ്കിലും അത് അവഗണിച്ചാണ് വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കൂടിയാലോചനയില്ലാതെ പി.എം. ശ്രീയിൽ ഒപ്പുവെച്ച നടപടിയിൽ സി.പി.ഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തങ്ങളുടെ എതിർപ്പിനെ കണക്കിലെടുക്കാതെ പദ്ധതിയിൽ ഒപ്പുവെച്ചത് അവഗണനയാണെന്നാണ് സി.പി.ഐ.യുടെ വിലയിരുത്തൽ.
പി.എം. ശ്രീയിൽ ഒപ്പിടുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച വന്നപ്പോൾ ശക്തമായി എതിർക്കാൻ ബിനോയ് വിശ്വം സി.പി.ഐ. മന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു. റവന്യൂ മന്ത്രി കെ. രാജൻ വിഷയം മന്ത്രിസഭയിൽ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോ പ്രതികരിച്ചില്ല. ഈ എതിർപ്പുകൾക്കിടയിലും സംസ്ഥാനം പദ്ധതിയിൽ ഒപ്പുവെക്കുകയായിരുന്നു. ഇതോടെ പി.എം. ശ്രീയുടെ ഭാഗമാകുന്ന 34-ാമത്തെ ഭരണസംവിധാനമായി കേരളം മാറി. പദ്ധതിയിൽ ചേർന്ന സാഹചര്യത്തിൽ, തടഞ്ഞുവെച്ചിരുന്ന 1500 കോടി രൂപയുടെ ആദ്യ ഗഡു ഉടൻ സംസ്ഥാനത്തിന് കൈമാറുമെന്ന് കേന്ദ്രം അറിയിച്ചു.
advertisement
