പൊലീസ് ജീപ്പ് തല്ലിത്തകർക്കുകയും എസ്ഐയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിൽ പോയ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ പ്രകടനത്തിലായിരുന്നു ഹസൻ മുബാറക് കേട്ടാലറയ്ക്കുന്ന വാക്കുകൾ ഉപയോഗിച്ചത്.
പൊലീസിൽ തുടലു പൊട്ടിച്ച പട്ടികളുണ്ടെങ്കിൽ നിലയ്ക്കു നിർത്താൻ അധികാരികൾ തയാറാകണമെന്നും ജയിലിൽ കിടക്കാൻ മടിയില്ലെന്നും പ്രസംഗത്തിൽ പറയുന്നു. ഏതെങ്കിലുമൊക്കെ മാധ്യമങ്ങൾ പ്രസംഗം വൈറലാക്കി എസ്എഫ്ഐ സംസ്കാരമില്ലാത്തവരുടെ സംഘടനയാണെന്നു പ്രചരിപ്പിച്ചാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
''ഈ പട്ടിയോടു ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. തെരുവുപട്ടിയെ തല്ലുന്നതുപോലെ ചാലക്കുടി പട്ടണത്തിലിട്ട് ഈ പട്ടിയെ ഞങ്ങൾ തല്ലുമെന്ന് പറയുന്ന സംഘടന എസ്എഫ്ഐ ആണ്. അതിന് ഞങ്ങൾക്ക് ആരുടെയും അകമ്പടി വേണ്ട. ഈ പട്ടിയുടെ രണ്ട് കൈയും കാലും തല്ലി ഒടിക്കും. അതിപ്പോൾ ചെയ്ത് കണ്ണൂര് കിടന്നാലും, പൂജപ്പുര കിടന്നാലും ഞങ്ങൾക്കു പുല്ലാണ്. തെരുവുപട്ടിയെ പോലെ തല്ലും''- എന്നായിരുന്നു പരസ്യ അസഭ്യവർഷത്തോടെ ഭീഷണി.
advertisement
ഭീഷണി പ്രസംഗത്തിന് ശേഷം കേസെടുക്കാൻ പൊലീസ് തയാറായിരുന്നില്ല. വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് ഹസൻ മുബാറക്കിനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.
ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചുകൊണ്ടായിരുന്നു ചാലക്കുടി ടൗണിൽ എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. എസ്ഐ അഫ്‌സലിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക, പൊലീസ് നരനായാട്ടിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു എസ്എഫ്ഐ പ്രതിഷേധം ഉണ്ടായത്.