ഇന്നലെ രാത്രി 12.30 നാണ് അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ സുമതിക്ക് പ്രസവവേദന അനുഭവപ്പെടുന്നത്. ഊരുകാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കോട്ടത്തറ ആശുപത്രിയിലേക്ക് ആംബുലൻസിന് വിളിച്ചെങ്കിലും അവിടെ ഇല്ല എന്നായിരുന്നു മറുപടി. തുടർന്ന ട്രൈബൽ ഡിപ്പാർട്മെന്റിന് കീഴിലുള്ള ഐടിഡിപിയിലേക്ക് വിളിച്ചു. അവിടെയും ആംബുലൻസ് ഇല്ലെന്നായിരുന്നു മറുപടി ലഭിച്ചത്. തുടർന്ന് 108 ൽ വിളിച്ചാണ് ആംബുലൻസ് ലഭിക്കുന്നത്.
advertisement
ആംബുലൻസ് ലഭിച്ചെങ്കിലും ഊര് വരെ വണ്ടി എത്തില്ലായിരുന്നു. ആനവായ് ഊര് വരെയാണ് വണ്ടിക്ക് എത്താനാകുക. തുടർന്നാണ് കടുകുമണ്ണ ഊരിൽ നിന്നും അർധരാത്രി മുളയിൽ കെട്ടി സുമതിയെ ആംബുലൻസിൽ എത്തിക്കുന്നത്. ആറ് മണിയോടെ ഗർഭിണിയുമായി ആംബുലൻസ് ആശുപത്രിയിൽ എത്തി. ഏഴ് മണിയോടെ സുമതി ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
അട്ടപ്പാടിയിലെ കുറുമ്പ മേഖലയിൽ റോഡുകൾ ശോചനീയാവസ്ഥയിലാണ്. മഴക്കാലത്ത് വണ്ടി എത്താൻ സാധിക്കുന്ന തരത്തിൽ റോഡ് സൗകര്യം വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. മുമ്പ് കുറുമ്പ വിഭാഗത്തിൽ തന്നെ മരിച്ച കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാൻ വാഹനം ലഭിക്കാത്തതിനെ തുടർന്ന് പിതാവ് നടന്നു പോകുന്ന ചിത്രം പുറത്തുവന്നിരുന്നു.