ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കെ എസ് ആർ ടി സി യുടെ പല നയങ്ങളും സ്വകാര്യ ബസ് മേഖലയെ തകർക്കാൻ വേണ്ടി മാത്രമായിരുന്നു , അവയിൽ പ്രമുഖ തൊഴിലാളി യൂനിയൻ മഹത്തായ പങ്കും വഹിച്ചിട്ടുണ്ട് . അവർക്ക് അർഹിച്ചതാണ് ഈ കിട്ടിയത് എന്നും ഞങ്ങൾക്കറിയാം. പക്ഷേ പ്രിയ സഹോദരി ദിനിയ …താങ്കൾ നല്ല ഒരു കണ്ടക്ടർ ആയിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളും മനുഷ്യരാണ്. വേദനിക്കുന്നവരുടെ മുന്നിൽ ഞങ്ങളുടെ ശിരസ്സും കുനിയും.
advertisement
പ്രിയ സോദരി, നിങ്ങൾക്ക് മറ്റു ജോലികൾ ഒന്നും ശരിയായില്ലെങ്കിൽ ഞങ്ങൾ ഒരു ജീവിത സാഹചര്യം ഒരുക്കാൻ തയ്യാറാണ്. സന ട്രാൻസ്പോർട്ടിന്റെ ബസ്സുകളിൽ മാന്യമായ രീതിയിൽ ജോലി ചെയ്ത് കുടുംബം പോറ്റാൻ ഒരു അവസരം സന മാനേജ്മെന്റ് വാഗ്ദാനം ചെയ്യുന്നു. താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടതിന്റെ കാരണം ഒന്നു കൊണ്ടു മാത്രമാണ് ഈ വാഗ്ദാനം.
ടേക്ക് ഓവർ നാടകം മൂലം ധാരാളം നഷ്ടം ഞങ്ങൾക്കും ഞങ്ങളെപ്പോലെ മറ്റു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സിനും ഉണ്ടായിട്ടുണ്ട്. സനക്ക് പാലക്കാട് – കോഴിക്കോട്, വഴിക്കടവ് – തൃശൂർ, താമരശ്ശേരി – പെരിന്തൽമണ്ണ റൂട്ടുകളിൽ ഒക്കെ ആയി ഒൻപത് സൂപ്പർ ക്ലാസ്സ് പെർമിറ്റുകൾ ഉണ്ടായിരുന്നു. ടേക്ക് ഓവർ എന്ന വികല നയം കൊണ്ട് ഇന്ന് പലതും ഓടുന്നില്ല. ഇതിനേക്കാൾ കഷ്ടമാണ് മറ്റു പല ബസ് സർവീസുകളുടെയും നഷ്ടക്കണക്ക്. നഷ്ടത്തിന്റെ ആഴം അറിയണമെങ്കിൽ അത് സ്വന്തക്കാർക്ക് വരണം. ഇപ്പോൾ എങ്കിലും ചിലർക്ക് അത് മനസിലാകട്ടെ എന്ന് മാത്രമേ പ്രാർത്ഥനയുള്ളു.
ഇനിയും ഞങ്ങൾക്ക് എത്ര കാലം മുന്നോട്ടു പോകാൻ സാധിക്കും എന്നറില്ല. സർക്കാരിന്റെ അവഗണനയും, കെഎസ്ആർടിസിയുടെ വികല നയങ്ങളും ഞങ്ങളെ അത്രമേൽ ബാധിക്കുന്നുണ്ട്. പക്ഷേ ഒന്നുറപ്പുണ്ട്. ചിറകുകൾ അരിഞ്ഞു വീഴ്ത്തപ്പെടും വരെ ആ സഹോദരിയ്ക്ക് താങ്ങായി നില്ക്കാൻ ഞങ്ങൾ ശ്രമിക്കും.
ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആയതോടെ ബസ് ഉടമകളുടെ തീരുമാനത്തെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ.