കിളിനക്കോട്! ആ പേരു തന്നെ എത്ര പ്രണയാര്‍ദ്രമാണ്. കിളിനക്കോട് ഞാന്‍ പോയിട്ടില്ല. ആരൊക്കെയെ ഷെയര്‍ ചെയ്ത ഫോട്ടോഗ്രാഫുകള്‍ കാണുകയും വിവരണങ്ങള്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ അവിടെയൊന്നു പോകണമെന്നു തോന്നുന്നുണ്ട്. ചില നാടുകള്‍ കാണുമ്പോള്‍ ആ നാടിനോട് പ്രണയം തോന്നാറുണ്ട്. അവിടുന്നൊരു സുന്ദരിയെ കെട്ടി അവിടെയങ്ങു കൂടിയാലോ എന്നു തോന്നും. ചില നാട്ടിലെ ഭക്ഷണം കഴിക്കുമ്പോഴും അങ്ങിനെ തോന്നാറുണ്ട്. തമാശ, അതല്ല. ഞാന്‍ കെട്ടിയത് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു നാട്ടില്‍നിന്നാണ്. ഗ്വാളിയോര്‍ റയോണ്‍സ് വിഷം തുപ്പുന്ന ആ നാട്ടില്‍നിന്നു പെണ്ണുകെട്ടരുതെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ആ നാട്ടുകാരിയായ സൈനബത്താത്ത വെച്ച കോഴിക്കറി കൂട്ടിയപ്പോള്‍ ആ പഞ്ചായത്തില്‍നിന്നേ പെണ്ണു കെട്ടില്ലെന്നും തീരുമാനിച്ചു. പക്ഷേ കുഞ്ഞിമ്മു ആ നാട്ടുകാരിയാണ്. അവളെ ആദ്യം കണ്ടത് ആ നാട്ടില്‍വെച്ചായിരുന്നില്ല. വേറെ ഏതോ നാട്ടുകാരിയാണെന്നു വിചാരിച്ചു, ഊരും പേരും ചോദിക്കും മുമ്പേ, പ്രണയം ചോദിച്ചു. അവള്‍ അതു തന്നു. നാട് ആ നാടായതുകൊണ്ട്, ഒരു നിസ്സാര വാശിക്ക്, പറഞ്ഞ വാക്ക് മാറുന്നതു ശരിയല്ലല്ലോ. അങ്ങിനെ അവളെത്തന്നെ അങ്ങു കെട്ടി. അടി കൂടുമ്പോള്‍ ഈ രണ്ടു കാരണം എടുത്തിടല്‍ എന്റെ വിനോദമാണ്. നാടും കൊള്ളില്ല, ഭക്ഷണവും കൊള്ളില്ല.
advertisement
കല്യാണത്തിനു മുമ്പ് കിളിനക്കോടൊന്നും പോയില്ലല്ലോ.
കിളിനക്കോട്ടെ കൂട്ടുകാരിയുടെ കല്യാണത്തിനു പോയ ആ പെണ്‍കുട്ടികളാണല്ലോ ആ നാട് ഇപ്പോള്‍ പ്രസിദ്ധമാക്കിയത്. പറഞ്ഞു വന്നപ്പോള്‍ ആ കുട്ടികള്‍ക്ക് ഒരു അബദ്ധം പിണഞ്ഞതാണ്. ഇനിയും വെളിച്ചം വെക്കാത്ത 'ചിലര്‍'' ആ നാട്ടിലുണ്ടെന്നു പറഞ്ഞാല്‍ മതിയായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍നിന്നു ഇനിയും പുറത്തു കടക്കാന്‍ പറ്റാത്ത 'ചില ചെക്കന്മാരുള്ള'' നാടാണ് എന്നു പറഞ്ഞാല്‍ മതിയായിരുന്നു. അങ്ങിനെയുള്ളവരും അവിടെയുണ്ടെന്ന് പെണ്‍കുട്ടികളെ വേദനിപ്പിച്ചവരും അവര്‍ക്കെതിരെ വീഡിയോ പ്രചരിപ്പിച്ചവരും തെളിയിക്കുകയും ചെയ്തു.
ആ പെണ്‍കുട്ടികള്‍ പറഞ്ഞു വെച്ച രണ്ടു പ്രയോഗങ്ങള്‍ ശ്രദ്ധേയാണ്. ഇനിയും വെളിച്ചം വെക്കാത്തവര്‍, പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവര്‍ എന്നീ രണ്ടു പ്രയോഗങ്ങള്‍. അവ എന്നെ ശരിക്കും ഞെട്ടിച്ചു.
വെളിച്ചത്തിന്റെ പ്രവാചകന്‍ എന്ന് വിളിക്കാവുന്ന ഒരു മഹാജ്ഞാനി ജീവിച്ചിരുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ്. ശിഹാബുദ്ദീന്‍ യഹ്‌യാ ബിന്‍ ഹബഷ് സുഹ്‌റവര്‍ദി(1153 -1191) എന്ന തത്വചിന്തകന്‍. അദ്ദേഹത്തെ അധികം പേര്‍ക്ക് അറിയാന്‍ വഴിയില്ല. സുഹ്റവർദിയ്യ എന്ന സൂഫീ പാരമ്പര്യത്തിന്റെ ഉപജ്ഞാതാവാണ്.
- കിളിനക്കോട്ടെ കളിയെന്തൊക്കെ ?
വെളിച്ചമാണ് പരമമായ യാഥാര്‍ഥ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. യാഥാര്‍ഥ്യത്തിന്റെ, ഉണ്‍മയുടെ എല്ലാ തട്ടുകളേയും നിയന്ത്രിക്കുന്നത് വെളിച്ചമാണ്. കണ്ണിനു കാണാന്‍ കഴിയുന്ന വെളിച്ചവും കണ്ണിനു കാണാന്‍ കഴിയാത്ത വെളിച്ചവുമുണ്ട്. അമൂര്‍ത്തവും ഗോചരവുമായ വെളിച്ചം. വെളിച്ചങ്ങളുടെ വെളിച്ചത്തില്‍ (നൂറുല്‍ അന്‍വര്‍ -Supreme Light) നിന്നാണ് ഗോചരവും അമൂര്‍ത്തവുമായ വെളിച്ചം പുറപ്പെടുന്നത്. ഇന്ദ്രിഗോചരമല്ലാത്ത മാലാഖമാരെ സൃഷ്ടിക്കുന്നതും പരമമായ വെളിച്ചമാണ്. മനുഷ്യന്റെയും മൃഗങ്ങളുടേയും ആത്മാവുകളും മൂര്‍ത്തമായ ശരീരവും വെളിച്ചത്തിന്റെ സൃഷ്ടിയാണെന്ന് സുഹ്റവർദി സിദ്ധാന്തിച്ചു.
ഇസ്ലാമിനു മുമ്പുള്ള പേര്‍ഷ്യന്‍ തത്വചിന്തയില്‍നിന്നും പ്ലാറ്റോണിക് ചിന്താധാരയില്‍നിന്നുമാണ് വെളിച്ചത്തിന്റെ തത്വശാസ്ത്രം അദ്ദേഹം വേര്‍തിരിച്ചെടുത്തത്. പൂര്‍വകാല പേര്‍ഷ്യന്‍ തത്വചിന്തയും ഗ്രീക്കു തത്വ ചിന്തകളും ഇസ്ലാമിക തത്വചിന്തയും ഏകതാളത്തിലേക്കു കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചത്. ജ്ഞാനത്തിന്റെ ദിവ്യവും പ്രപഞ്ചാതീതവുമായ ഉറവിടം വെളിച്ചമാണെന്ന് അദ്ദേഹം വാദിച്ചു. പുരാതന പേര്‍ഷ്യന്‍ തത്വജ്ഞാനത്തിന്റെ പുനരുദ്ധാരകന്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. പില്‍ക്കാല തത്വചിന്തകരും അദ്ദേഹത്തെ അങ്ങിനെ തന്നെ വിലയിരുത്തുന്നു.
സുഹ്‌റവര്‍ദി ഇറാനിലെ ഒരു ഗ്രാമമാണ്. ഇന്നത്തെ ഇറാനില്‍ സന്‍ജാന്‍, ബിജാര്‍ഗരുസ് പട്ടണങ്ങള്‍ക്ക് മധ്യേ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം. ആ ഗ്രാമത്തിലാണ് 1154ല്‍ സുഹ്‌റവർദിയുടെ ജനനം.അക്കാലത്തെ പ്രശസ്തരായ പണ്ഡിതര്‍ക്കൊപ്പം ചേര്‍ന്ന് തത്വശാസ്ത്രവും നിമയശാസ്ത്രവും പഠിച്ചു. സുഹ്‌റവർദിയുടെ കൃതികള്‍ ഹെന്റി കോര്‍ബിന്‍ പരിഭാഷപ്പെടുത്തുന്നതുവരെ പാശ്ചാത്യര്‍ക്ക് അ മഹാ മനീഷിയെ അറിയുമായിരുന്നില്ല. 32 ാം വയസ്സിലാണ് അദ്ദേഹം ഫിലോസഫി ഓഫ് ഇല്ലുമിനേഷന്റെ രചന പൂര്‍ത്തിയാക്കിയത്.
വെളിച്ചങ്ങളുടെ വെളിച്ചത്തില്‍ (നൂറുല്‍ അന്‍വര്‍) നിന്നുള്ള ഒഴുക്കാണ് എല്ലാ സൃഷ്ടിയുമെന്നതാണ് അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ കാതല്‍. വെളിച്ചങ്ങളുടെ വെളിച്ചത്തില്‍നിന്നു പുറപ്പെടുന്ന ശുദ്ധവും അമൂര്‍ത്തവുമായ വെളിച്ചമാണ് പ്രാപഞ്ചിക യാഥാര്‍ഥ്യത്തെ നിയന്ത്രിക്കുന്നത്. ഈ പ്രപഞ്ചവും അതിന്റെ അസ്തിത്വവും വെളിച്ചത്തിന്റെ വിവിധ തട്ടുകള്‍ മാത്രമാണ്. ഇരുട്ടും വെളിച്ചവുമാണ് അവയെ നിര്‍ണയിക്കുന്നത്. വെളിച്ചം സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്നതിന്റെ തോത് അനുസരിച്ചാണ് അദ്ദേഹം ശരീരത്തെയും വസ്തുക്കളേയും വേര്‍തിരിക്കുന്നത്.
ആത്മാവ് ദൈവിക ലോകത്തുനിന്നു വന്നതാണെന്നു വെളിച്ചത്തിന്റെ തത്വശാസ്ത്രം പറയുന്നുണ്ട്. ശരീരത്തിലേക്കു വരുന്നതിനു മുമ്പ് ആത്മാവ് ദിവ്യമായ മറ്റൊരു ലോകത്തായിരുന്നു. ആത്മാവ് രണ്ട് ഭാഗമാണ്. ഒന്നു സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു. മറ്റേത് ശരീരത്തിന്റെ ഇരുട്ടറയിലും. നല്ല പാതിയില്‍നിന്നു വേര്‍പെട്ട നിരാശയിലാണ് എന്നും മനുഷ്യന്റെ ആത്മാവ്. ആ പകുതിയുമായി ചേരാന്‍ എപ്പോഴും ആത്മാവു കൊതിക്കുന്നു. സ്വര്‍ഗ്ഗവാസിയായ പാതിയോടൊപ്പം ചേരുമ്പോഴേ ആത്മാവിനു ആനന്ദ പൂര്‍ണിമയുണ്ടാകൂ.
ശരീരത്തിന്റെ ഇരുട്ടറിയില്‍ നിന്നു വേര്‍പെട്ട്, ലൗകിക കാര്യങ്ങള്‍ ഉപേക്ഷിച്ച് അമൂര്‍ത്തമായ വെളിച്ചങ്ങളുടെ ലോകത്തെത്തുമ്പോഴേ ശരിയായ ആനന്ദം അനുഭവിക്കാന്‍ കഴിയൂ. ജ്ഞാനികളുടേയും മുനിമാരുടേയും ആത്മാവ് ആ ദിവ്യലോകത്തിനും അപ്പുറത്തേക്ക് പുരോഗമനം ചെയ്യും. പരമമായ വെളിച്ചത്തിന്റെ സാന്നിധ്യം അറിയാന്‍. അതുതന്നെയാണ് പരമമായ ആനന്ദവും പരമമായ യാഥാര്‍ഥ്യവുമെന്നാണ് സുഹ്റവർദിയുടെ വാദം.
വെളിച്ചത്തിന്റെ ഗുരുവെന്നാണ് (Master of lights) അദ്ദേഹം അറിയപ്പെട്ടത്. പക്ഷേ, അന്നത്തെ ഇസ്ലാമിക ഭരണകൂടം അദ്ദേഹത്തെ കൊന്നു കളഞ്ഞു. രണ്ടു കുറ്റമായിരുന്നു. ഒന്നു വിശ്വാസത്തില്‍നിന്നുള്ള വ്യതിയാനം. ഖുര്‍ആന്റെ ആന്തരാര്‍ഥങ്ങള്‍ വ്യാഖ്യാനിക്കുന്ന ബാതിനിയ്യ ചിന്താഗതി പ്രോത്സാഹിപ്പിച്ചുവെന്നായിരുന്നു രണ്ടാമത്തെ കുറ്റം. സുഹ്‌റവർദിയെ വെടിവെച്ചു കൊന്നുവെന്നും പട്ടിണിക്കിട്ടു കൊന്നുവെന്നും കോട്ടയ്ക്കുള്ളില്‍ അടച്ചു ശ്വാസം മുട്ടിച്ചു കൊന്നുവെന്നും കോട്ടമതിലിനു മുകളില്‍നിന്നു താഴേക്ക് തള്ളിയിട്ടു ചുട്ടുകൊന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏതായാലും ആ വെളിച്ചം മത/ഭരണാധികാരികള്‍ കെടുത്തിക്കളഞ്ഞു.
കിളിനക്കോട്ടു കല്യാണത്തിനു വന്ന പെണ്‍കുട്ടികളും അവരെ ഉപദ്രവിച്ച കിളിനക്കോട്ടെ ചെറുപ്പക്കാരും വെളിച്ചത്തിന്റെ ആ പ്രവാചകനെ അറിയുമോ എന്നറിയില്ല.
ആ ചെറുപ്പക്കാരോട് ഒരു വാക്ക്:
ആ പെണ്‍കുട്ടികള്‍ നിങ്ങള്‍ക്കു വെളിച്ചവുമായി വന്ന മാലാഖമാരാണ്. അവരെ ഊതിക്കെടുത്താനാണ് നിങ്ങള്‍ ശ്രമിച്ചത്.
പെണ്‍കുട്ടികളോട്:
നിങ്ങള്‍ മുഖം മറച്ചിരിക്കേണ്ടവരല്ല. മുടങ്ങിപ്പോയ കല്യാണത്തെക്കുറിച്ചു സങ്കടപ്പെടേണ്ട. ജീവിതത്തിന്റെ അവസാന വാക്കു കല്യാണമല്ല. ഈ ഒരു സെല്‍ഫിയുടെ പേരില്‍ കല്യാണത്തില്‍ നിന്നു പിന്‍മാറിയവരും പന്ത്രണ്ടാം നൂറ്റാണ്ടുകാരാണെന്നു വിശ്വസിക്കുക.
പെണ്‍കുട്ടികളോടൊപ്പം സെല്‍ഫിയെടുക്കാനുണ്ടായിരുന്ന ആ നാലു ആണ്‍കൂട്ടുകാരെ എവിടെയും കണ്ടില്ല.
ആ കൂട്ടൂകാരോട്:
നാളെ നിങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടികളും ഇതുപോലെ കൂട്ടൂകാര്‍ക്കൊപ്പം യാത്രപോകുകയും സെല്‍ഫിയെടുക്കുകയും ചെയ്തിട്ടുണ്ടാകും. ആ വിവരം അറിയുമ്പോള്‍ അവരെ കൊന്നു കളയരുത്.
സെല്‍ഫിയുടെ പേരില്‍ നിക്കാഹിന്റെ മൂന്നാം ദിവസം നവവധുവിനെ കൊന്നു കളഞ്ഞ ഒരു 'പന്ത്രണ്ടാം നൂറ്റാണ്ടുകാരന്‍'' ഇപ്പോഴും നമ്മുടെ അടുത്തെവിടെയോ ജീവിച്ചിരിപ്പുണ്ട്. എന്റെ സുഹൃത്തിന്റെ മകളായിരുന്നു വധു. നിക്കാഹിന്റെ മൂന്നാം ദിവസമാണ് അവളുടെ മൊബൈലില്‍ പഴയൊരു സെല്‍ഫി വരന്‍ കണ്ടത്. കുട്ടിയെ ചെക്കന്‍ വീട്ടില്‍ കൊണ്ടു വിട്ടു. ഒന്നും മിണ്ടാതെ മുറിയില്‍ കയറി വാതിലടച്ച പെണ്‍കുട്ടി ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് പിന്നെ കണ്ടത്. സുഹൃത്തും കുടുംബവും ഇപ്പോഴും ആ സങ്കടത്തില്‍നിന്നു കരകയറിയിട്ടില്ല.
