താൻ കൗൺസിലർ സ്ഥാനത്ത് തൃപ്തയാണെന്നും മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയില്ലെന്നുമാണ് ശ്രീലേഖ വ്യക്തമാക്കിയിരിക്കുന്നത്. ചില മാധ്യമങ്ങൾ എഴുതുന്നത് മാത്രം വായിക്കാതെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് ശരിയായി കണ്ടു നോക്കാനും അവർ പറയുന്നുണ്ട്.
'തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം വിസമ്മതിച്ചിരുന്നു. മേയർ ആക്കാമെന്ന ഒരു ഉറപ്പുണ്ടായിരുന്നു. അതിനാലാണ് തിരഞ്ഞെടുപ്പിൽ നിന്നത്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷയായതിനാൽ, വാർഡിലെ കൗൺസിലർമാർക്കുവേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹിച്ചത്. 10 വാർഡിലെ കൗൺസിലർമാർക്കൊപ്പം പ്രവർത്തിച്ച്, അവരെ വിജയിപ്പിക്കാനുള്ള ദൗത്യമാണ് ആദ്യം നൽകിയിരുന്നത്. പെട്ടെന്നാണ് മത്സരിക്കാനുള്ള തീരുമാനം വന്നത്.'- ആർ ശ്രീലേഖ പറഞ്ഞു.
advertisement
തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര നേതൃത്വം പറഞ്ഞ മേയറിനെയും ഡെപ്യൂട്ടി മേയറിനെയും മനസാൽ അംഗീകരിക്കുകയായിരുന്നു. സന്തോഷമായിട്ടാണ് അംഗീകരിച്ചത്. നരേന്ദ്ര മോദി രാജ്യത്ത് വേണ്ടി ചെയ്യുന്ന നന്മ കണക്കിലെടുത്തുകൊണ്ടാണ് ഒന്നര വർഷം മുമ്പ് ഈ പാർട്ടിയിൽ ചേർന്നത്. കേരളം ഇരുട്ടിലേക്ക് പോകാതെ, നരേന്ദ്ര മോദിയുടെ നന്മ കേരളത്തിലേക്കും വരണം. അതിനുവേണ്ടിയാണ് അംഗത്വം സ്വീകരിച്ചത്. ബിജെപി പാർട്ടിയിലും കോർപ്പറേഷനിലും പ്രവർത്തിച്ചവരും, 30 വർഷത്തെ പരിചയം ഉള്ളവരുമുണ്ട്. അവരുടെ മുകളിലേക്ക് തന്നെ പ്രതിഷ്ഠിക്കണമെന്ന് ആഗ്രഹിക്കുന്നതുപോലും തെറ്റാണെന്നും അവർ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നും അവർ വ്യക്തമാക്കി. വട്ടിയൂർക്കാവിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
