തനിക്കെതിരായ അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് രാഹുൽ ഈശ്വർ കോടതിയിൽ വാദിച്ചു. അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ലെന്നും, നോട്ടീസ് നൽകിയത് പോലും പിടികൂടി കൊണ്ടുവന്ന ശേഷം 40 മിനിറ്റ് കഴിഞ്ഞാണെന്നും രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു. എന്നാൽ, നോട്ടീസ് നൽകിയിരുന്നുവെന്നും എന്നാൽ അത് കൈപ്പറ്റാൻ പ്രതി വിസമ്മതിച്ചു എന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം.
രാഹുൽ ഈശ്വർ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷൻ അദ്ദേഹത്തിൻ്റെ ജാമ്യഹർജിയെ ശക്തമായി എതിർത്തു. റിമാൻഡ് റിപ്പോർട്ടിൽ രാഹുൽ ഈശ്വറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പൊലീസ് ഉന്നയിച്ചിട്ടുള്ളത്.
advertisement
പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ലാപ്ടോപ്പിൽ രാഹുൽ തയ്യാറാക്കിയ വീഡിയോകൾ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. പ്രതി സ്ഥിരമായി ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളാണെന്നും, രാഹുൽ ഈശ്വറിനെതിരെ സമാനമായ മറ്റ് കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്നും സൈബറിടങ്ങളിൽ അധിക്ഷേപിച്ചെന്നും ചൂണ്ടിക്കാട്ടി ഞായറാഴ്ച വൈകിട്ടോടെയാണ് രാഹുൽ ഈശ്വറിനെ തിരുവനന്തപുരം സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് രാഹുലിനെ വിശദമായി ചോദ്യം ചെയ്യുകയും ലാപ്ടോപ്പും ഫോണുമടക്കം പരിശോധിക്കുകയും ചെയ്തിരുന്നു.
