നിർണായക കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ ന്യൂസ് 18 പുറത്തുവിട്ട് മിനിറ്റുകൾക്കകം എഐസിസി ആസ്ഥാനത്തിനടുത്തുള്ള സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിലേക്ക് ശശി തരൂരിന്റെ വാഹനമെത്തി. മാധ്യമങ്ങൾ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും മൗനം തുടർന്ന് തരൂർ ഉള്ളിലേക്ക് പോയി. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ശശി തരൂർ തനിച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
2022 ഒക്ടോബർ 17ന്ശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് പലതവണ തരൂർ അവസരം തേടിയെങ്കിലും നിഷേധിക്കപ്പെടുകയായിരുന്നു. അതിനിടെ ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലെ വിവാദങ്ങളുടെ പേരിൽ സംസ്ഥാനത്തെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ തരൂരിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തെ സമീപിച്ചതോടെയാണ് നിർണായക ഇടപെടലിന് രാഹുൽ ഗാന്ധി തന്നെ അകൽച്ച മറന്ന് മുൻകൈയെടുത്തത്. പ്രവർത്തകസമിതി അംഗത്വം രാജിവെക്കണമെന്ന പരസ്യ നിലപാടെടുത്ത നേതാക്കളെയും തരൂർ പാർട്ടി വിട്ടേക്കുമെന്ന് പ്രചാരണം നടത്തിയ രാഷ്ട്രീയ എതിരാളികളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത മഞ്ഞുരുക്കൽ നീക്കം.
advertisement
സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയിൽ ദേശീയ സംസ്ഥാന വിഷയങ്ങൾ ചർച്ചയായതായാണ് വിവരം. 10 ജൻപഥിലെ പ്രധാന കവാടം ഒഴിവാക്കി മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയായിരുന്നു ശശി തരൂരിന്റെ മടക്കം. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ ചർച്ചയാകാതിരിക്കാൻ രാഹുൽ ഗാന്ധി തന്നെയാണ് തരൂരിന് നിർദേശം നൽകിയതെന്നാണ് സൂചന. ശശി തരൂരിനെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തുന്നത് തിരിച്ചടിയാകുമെന്ന് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്ക് ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകിയിരുന്നു. പോഷക സംഘടനകളുടെ പ്രതിഷേധങ്ങൾ വിലക്കി കെപിസിസി നേതൃത്വവും രംഗത്ത് എത്തിയതോടെ ലേഖന വിവാദത്തിന്റെ പേരിൽ ശശി തരൂരിനെതിരെ നടന്ന പരസ്യവിഴുപ്പലക്കലുകൾക്ക് തൽക്കാലത്തേക്ക് എങ്കിലും വിരാമമായി.