പൊതുപരിപാടിയിൽ പങ്കെടുത്താൽ എംഎൽഎയെ തടയുമെന്ന് ബിജെപിയും യുവമോർച്ചയും നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. രാത്രി 8.50ന് സ്റ്റാൻഡിലെത്തിയ എംഎൽഎ ഉദ്ഘാടനം കഴിഞ്ഞ് യാത്രക്കാരോടും പൊതുജനങ്ങളോടും സംസാരിച്ച ശേഷം 9.20നാണ് മടങ്ങിയത്. ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു. ബെംഗളൂരുവിലേക്ക് എസി ബസ് വേണമെന്ന പാലക്കാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമാണ് യാഥാർഥ്യമായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഈ ആവശ്യം ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും, അന്തർ സംസ്ഥാനങ്ങളിലേക്ക് പുതിയ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ബസ് സർവീസ് ഉദ്ഘാടനത്തെക്കുറിച്ച് സിഐടിയു, ബിഎംഎസ് ട്രേഡ് യൂണിയൻ നേതാക്കൾക്ക് നേരത്തെ അറിവുണ്ടായിരുന്നു. സിഐടിയു യൂണിയനിലെ പല ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു. എന്നാൽ, പരിപാടിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും, പൊതുപരിപാടിയിൽ പങ്കെടുത്താൽ തടയുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദീൻ പ്രതികരിച്ചു.
advertisement
പാലക്കാട് ഡിപ്പോയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആദ്യമായാണ് എസി സീറ്റർ ബസ് അനുവദിക്കുന്നത്. പുഷ്ബാക്ക് സംവിധാനമുള്ള 50 സീറ്റുകളാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഈ ബസ്സിലുള്ളത്. പാലക്കാട് ഡിപ്പോയിൽ നിന്ന് രാത്രി 9 മണിക്കും ബെംഗളൂരുവിൽ നിന്ന് 9.15നും ബസ് പുറപ്പെടും. പാലക്കാട് നിന്ന് ബെംഗളൂരുവിലേക്ക് ഞായറാഴ്ചകളിൽ 1171 രൂപയും മറ്റ് സാധാരണ ദിവസങ്ങളിൽ 900 രൂപയുമാണ് നിരക്ക്. പരിപാടിയിൽ ഡിപ്പോ എൻജിനീയർ എം. സുനിൽ, ജനറൽ കൺട്രോൾ ഇൻസ്പെക്ടർ സഞ്ജീവൻ തുടങ്ങിയവർ പങ്കെടുത്തു.