രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടിന് ഒരു വാഗ്ദാനമാകുമെന്ന തരത്തിൽ ഷാഫി പറമ്പിൽ എംപി സംസാരിക്കുന്ന വീഡിയോ വെറലാകുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുൻപായിരുന്നു ഷാഫിയുടെ അഭിപ്രായ പ്രകടനം. തന്റെ പ്രവർത്തികൊണ്ട് പാലക്കാടിനുള്ള കോൺഗ്രസിന്റെ സമ്മാനമാകും രാഹുൽ മാങ്കൂട്ടത്തിലെന്നാണ് 2024 ഒക്ടോബർ 25ന് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഷാഫി പറമ്പിൽ പറഞ്ഞത്. കോൺഗ്രസ് പാർട്ടി എടുത്ത റിസ്കിന് ഭാവിയിലേക്ക് പാർട്ടി നടത്തുന്ന ഒരു ഇൻവെസ്റ്റ്മെന്റാണ് രാഹുലെന്നും തന്റെ പ്രവർത്തികൊണ്ട് പാലക്കാടിനുള്ള സമ്മാനമാകും രാഹുലെന്നും അതിന് പാലക്കാട്ടുകാർ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
advertisement
പാലക്കാടിന് ഒരിക്കലും ഖേദിക്കേണ്ട സാഹചര്യം രാഹുലോ യുഡിഎഫോ ഉണ്ടാക്കില്ല. തിരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തിലോ അതിനുശേഷം രാഹുൽ നടത്താൻ പോകുന്ന പ്രവർത്തനത്തിന്റെ കാര്യത്തിലോ പാലക്കാട്ടുകാർക്ക് ഖേദിക്കേണ്ടി വരില്ലെന്നും ഷാഫി അഭിമുഖത്തിൽ പറഞ്ഞിരുന്നു. രാഹുലിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം പാലക്കാടിന് നല്ലതായി ഭവിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഷാഫി പറഞ്ഞിരുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഒരുമാസം മുൻപായിരുന്നു രാഹുലിനെക്കുറിച്ചുള്ള ഷാഫിയുടെ ശുഭാപ്തിവിശ്വാസം നിറഞ്ഞ അഭിപ്രായപ്രകടനം. 2024 നവംബർ 20നായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പ്. 2024 ലോക്സഭാതിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിച്ച് വിജയിച്ചതിനെത്തുടർന്നാണ് പാലക്കാട് എംഎൽ സ്ഥാനം ഷാഫി പറമ്പിൽ രാജി വച്ചത്. ഈ സീറ്റിലേക്കായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പിലെ കന്നി അങ്കം. കന്നിയങ്കത്തില്‍ തന്നെ 18,840 വോട്ടിന്‍റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തിയത്. കോൺഗ്രസിൽ നിന്ന് രാജിവച്ച ഡോ. പി സരിനായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.
ലൈംഗിക പീഡന ആരോപണ പരാതിയെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് അന്വേഷണം നടക്കുകയും അദ്ദേഹം ഒളിവിൽ പോവുകയും ചെയ്തിരുന്നു. കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് തൊട്ടു പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും രാഹുലിനെ പുറത്താക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിൽ മുൻപ് രാഹുലിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നത്.
