തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭചിദ്ര വിവാദത്തിൽ അന്വേഷണസംഘത്തിന്റെ നിർണായക കണ്ടെത്തൽ. ഇരയായ യുവതികളിൽ ഒരാൾ നടത്തിയത് അശാസ്ത്രീയ ഗർഭം അലസിപ്പിക്കലെന്നാണ് കണ്ടെത്തൽ. നിർബന്ധിത ഗർഭചിദ്രം നടത്താൻ ഗുളിക കഴിച്ചതോടെ രക്തസ്രാവം അനിയന്ത്രിതമായതായും തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായും ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു.
ഇരയായ തിരുവനന്തപുരം ജില്ലക്കാരിയായ 26കാരിക്ക് വിവാഹം കഴിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഉറപ്പു നൽകിയിരുന്നതായും ഈ ഉറപ്പിൽ കുഞ്ഞിന് ജന്മം നൽകാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യുവതി ഗർഭിണിയാണെന്ന വിവരം പലതവണ പറഞ്ഞിട്ടും രാഹുൽ വിശ്വസിച്ചിരുന്നില്ല. ഒടുവിൽ ഗർഭസ്ഥ ശിശുവിന്റെ വളർച്ച 16 ആഴ്ച പിന്നിട്ടതോടെയാണ് ഗൗരവം തിരിച്ചറിഞ്ഞത്.
advertisement
തുടർന്ന് പത്തനംതിട്ട സ്വദേശിയും തന്റെ വിശ്വസ്തനുമായ സുഹൃത്ത് മുഖേന രാഹുൽ ഗര്‍ഭഛിദ്രത്തിനുള്ള രണ്ട് ഗുളികകൾ യുവതിക്ക് കൈമാറി. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാവുന്ന മരുന്നാണിത്. മരുന്നുകൾ കഴിച്ചതിന് പിന്നാലെ രക്തസ്രാവം അനിയന്ത്രിതമായതോടെ യുവതി തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായും അന്വേഷണസംഘം കണ്ടെത്തി.
യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുക്കാനുള്ള നീക്കവും ക്രൈംബ്രാഞ്ച് ആരംഭിച്ചതായാണ് സൂചന. ഫാർമസി ബിസിനസ് നടത്തുന്ന രാഹുലിന്റെ മറ്റൊരു സുഹൃത്തിനെ കേന്ദ്രീകരിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്ന ഗർഭനിരോധന ഗുളികകൾ മെഡിക്കൽ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ യുവതിക്ക് എങ്ങനെ എത്തിച്ചു നൽകാൻ കഴിഞ്ഞു എന്നതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്.
രാഹുലിന്റെയും അടുത്ത സുഹൃത്തുക്കളുടെയും കോൾ ഡേറ്റ റെക്കോർഡുകളും അന്വേഷണസംഘം ശേഖരിക്കുന്നതായാണ് സൂചന. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ശേഷം രാഹുൽ മങ്കൂട്ടത്തിലിന്റെ സാമ്പത്തിക സ്ഥിതിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് വിശദമായ പരിശോധന നടത്തുന്നുണ്ട്.