നിജിൽദാസിന്റെ ഭാര്യ ദിപിനയുടെ ചെറുപ്പംമുതലുള്ള സുഹൃത്താണ് രേഷ്മയെന്ന് രേഷ്മയുടെ മകൾ പറഞ്ഞു. എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണു രേഷ്മയുടെയും ദിപിനയുടെയും വീട്.‘ദിപിനാന്റി ആവശ്യപ്പെട്ടിട്ടാണ് അമ്മ വീട് നൽകിയത്. 4 ദിവസത്തേക്കാണു വീടു നൽകിയത്’. വീട്ടിൽ കുറച്ചു പ്രശ്നങ്ങളുള്ളതിനാൽ മാറി നിൽക്കണമെന്ന് അമ്മയോടു പറഞ്ഞതു ദിപിനയാണെന്നും രേഷ്മയുടെ മകൾ പറഞ്ഞു. 4 ദിവസത്തേക്ക് പ്രതിദിനം 1500 രൂപ വാടകയിൽ കരാർ ഒപ്പിട്ടു വാങ്ങിയാണു വീടു നൽകിയതെന്നും രേഷ്മയുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി.
Also Read- ഹരിദാസ് വധക്കേസിലെ പ്രതിയെ വീട്ടിൽ ഒളിപ്പിച്ച കേസ്; അധ്യാപികയ്ക്ക് ജാമ്യം
advertisement
അടുത്ത കൂട്ടുകാരിയുടെ ഭർത്താവായതിനാലാണ് വീടു നൽകിയതെന്നു രേഷ്മയുടെ മാതാപിതാക്കൾ പറയുന്നു. മകളുടെ ഭർത്താവ് പ്രശാന്തിന്റെയും തങ്ങളുടെയും സമ്മതത്തോടെയാണ് വാടക കരാര്‍ എഴുതി വാങ്ങി താക്കോൽ നല്‍കിയത്. പക്ഷേ, കഴിഞ്ഞ ദിവസം പുലർച്ചെ, പോലീസ് വീട്ടിൽ വന്നതോടെയാണ് അബദ്ധം പറ്റിയതായി മനസ്സിലാക്കിയത്. സമൂഹമാധ്യമങ്ങളിൽ രേഷ്മക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾ കണ്ടു നടുങ്ങിയെന്നും രേഷ്മയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
സ്ഥിരമായി വാടകയ്ക്കു നൽകുന്ന വീടാണിത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ പിണറായിയിൽ സംഘടിപ്പിച്ചിരുന്ന ‘പിണറായിപ്പെരുമ’ പരിപാടിക്ക് എത്തിയവരാണ് ഏപ്രിൽ 1 മുതൽ 8 വരെ ഇവിടെ താമസിച്ചിരുന്നത് . ഇവർ പോയ ശേഷം ഏപ്രിൽ 13ന് വീട് വൃത്തിയാക്കിയിട്ടു. അധ്യാപക ദമ്പതികൾ താമസത്തിനായി വരുന്നു എന്നായിരുന്നു സമീപത്തെ ബന്ധുവീടുകളിലുള്ളവരോടു പറഞ്ഞിരുന്നതെന്ന് രേഷ്മയുടെ മാതാപിതാക്കൾ പറഞ്ഞു.
Also Read- പ്രതി ഒളിച്ചത് സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലല്ല; ഒളിവ് സംശയാസ്പദം; എം.വി. ജയരാജന്‍
എന്നാൽ താമസിക്കാനെത്തിയത് നിജിൽദാസായിരുന്നു. ഇയാൾ ഇവിടെ താമസം തുടങ്ങിയ ശേഷം രേഷ്മ വന്നിരുന്നു. സ്കൂളിലേക്കു പോകുന്ന വഴി രണ്ടു മുന്നു ദിവസം രാവിലെ രേഷ്മ സ്കൂട്ടറിൽ വീട്ടിൽ വരുന്നതും ഉടൻ തന്നെ മടങ്ങുന്നതും കണ്ടിരുന്നതായി തൊട്ടടുത്ത വീട്ടിലുള്ള ബന്ധുക്കൾ പറഞ്ഞു.
തങ്ങളുടെയും രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെയും കുടുംബം സിപിഎം അനുഭാവികളാണെന്ന് രേഷ്മയുടെ പിതാവ് രാജൻ പറഞ്ഞു. പാർട്ടിക്കു വേണ്ടിയാണ് ഇതുവരെ ജീവിച്ചത്. രേഷ്മയും പ്രശാന്തും പാർട്ടിക്കാരാണ്. പഠനകാലത്ത് രേഷ്മ സജീവ എസ്എഫ്ഐ പ്രവർത്തകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
വിവാഹം കഴിഞ്ഞതോടെ സജീവ പ്രവർത്തനം നിർത്തിയെങ്കിലും പാർട്ടി അനുഭാവമുണ്ടായിരുന്നു. ജീവിതത്തിൽ ഇന്നു വരെ ആർഎസ്എസ്, ബിജെപി ബന്ധം ഉണ്ടായിട്ടില്ലെന്നും പാർട്ടി ഇപ്പോൾ നിരത്തുന്നതെല്ലാം തെറ്റായ ആരോപണങ്ങളാണെന്നും രേഷ്മയുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി.
രേഷ്മയെ സൈബർ ഇടങ്ങളിൽ വളരെ മോശമായി ചിത്രീകരിച്ചവർക്ക് എതിരെയും ന്യൂമാഹി പോലീസിനെതിരെയും മനുഷ്യാവകാശ കമ്മിഷനും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് രേഷ്മയുടെ അഭിഭാഷകൻ പി.പ്രേമരാജൻ പറഞ്ഞു.