സ്ട്രോങ് റൂമിൽ പരിശോധന നടത്തണം. രേഖകള്‍ പരിശോധിച്ച് സ്വർണാഭരണങ്ങളുടെ കണക്കെടുക്കണം. തിരുവാഭരണം രജിസ്റ്ററും പരിശോധിക്കണം. എത്ര അളവില്‍ സ്വര്‍ണ്ണമുണ്ടെന്നും അതിന്റെ മൂല്യവും കണക്കാക്കണം. 1999 മുതലുള്ള വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം വിജിലന്‍സ് അന്വേഷണം തുടരണമെന്നും ഹൈക്കോടതി പറഞ്ഞു. രേഖകളുടെയും സ്വത്തിന്റെയും രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കണമെന്നും ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് ഹൈക്കോടതി നിർദേശം നല്‍കി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ സ്വർണപ്പാളികള്‍ സ്ഥാപിക്കാനും ഹൈക്കോടതി അനുമതി നൽകി.
ശബരിമലയില്‍ നിന്ന് കാണാതായ ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠം ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷണന്റെ ബന്ധുവീട്ടില്‍ നിന്നാണ് ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠം കണ്ടെത്തിയത്. പീഠം കാണാതായെന്ന് കാണിച്ച് നേരത്തേ പരാതി നൽകിയത് ഉണ്ണികൃഷ്ണനായിരുന്നു.
advertisement
ഉണ്ണിക്കൃഷ്ണന്റെ സഹോദരിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നാണ് പീഠം കണ്ടെത്തിയത്. ഓഗസ്റ്റ് 13നാണ് പീഠം സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്. അതിന് മുന്‍പ് ഇത് ജോലിക്കാരന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പീഠം കാണാതായ സംഭവം വിവാദമായതോടെ ജോലിക്കാരന്‍ ഇത് തിരികെ നല്‍കി. 2021 മുതല്‍ പീഠം ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. പിന്നീടാണ് സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്.
അന്വേഷണത്തിന്റെ ഭാഗമായി ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് നിർമിച്ചു നല്‍കിയിരുന്നെന്നും എവിടെയാണെന്ന് അറിയില്ലെന്നുമായിരുന്നു സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് പീഠത്തിന്റെ കാര്യവും ഹൈക്കോടതി പരാമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.