സ്റ്റാൻഡേഡ് ഗേജിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തെ ആർ വി ജി മോനോൻ എതിർത്തു. നിലവിലെ റെയിൽപാതയോടു ചേർന്ന് മൂന്നാമത്തെയും നാലാമത്തെയും പാത നിർമിച്ചാൽ അതിവേഗ ട്രെയിൻ ഓടിക്കാൻ കഴിയുമെന്നും സിൽവർലൈൻ സംവാദത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ദേശീയപാതാ വികസനം നടക്കാത്തതു കാര്യങ്ങൾ ശരിയായി ചെയ്യാൻ കഴിവില്ലാത്തതിനാലാണ്. റെയിൽവേ വികസനത്തിനു തടസം നാട്ടുകാരുടെ എതിർപ്പല്ല. റെയിൽവേയ്ക്ക് കേരളത്തോട് അവഗണനയാണ്. റെയിൽപാത ഇരട്ടിപ്പിക്കൽ 30 വർഷമായി തടസപ്പെട്ടു കിടക്കുന്നു. ഇപ്പോഴാണ് പണികൾ ആരംഭിക്കാൻ കഴിഞ്ഞത്. റെയിൽപാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ 3 മണിക്കൂറിൽ എറണാകുളത്ത് എത്താനാകും. സിൽവർലൈന്റെ പ്രധാന പ്രശ്നം സ്റ്റാൻഡേഡ് ഗേജ് ആണെന്നും ആർ.വി.ജി. മേനോൻ പറഞ്ഞു.
advertisement
''ബ്രോഡ് ഗേജിൽ റെയിൽവേ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കുന്നുണ്ട്. അതിന്റെ ഘടകങ്ങൾ ഇന്ത്യയിലാണ് നിർമിക്കുന്നത്. സ്റ്റാൻഡേർഡ് ഗേജാണെങ്കിൽ പുറത്തുനിന്ന് ഘടകങ്ങൾ വരണം. സ്റ്റാൻഡേർഡ് ഗേജ് മതിയെന്നു കെ റെയിൽ കോർപറേഷൻ തീരുമാനിച്ചത് എന്തു പ്രക്രിയയിലൂടെയാണെന്ന് ജനം അറിയണം. പദ്ധതിയെ എതിർക്കുന്നവർ പിന്തിരിപ്പൻമാരാണെന്ന ചിന്ത ശരിയല്ല.''
''കൊല്ലത്ത് മുഖത്തലയിൽ വെള്ളക്കെട്ടുള്ള സ്ഥലത്താണ് സ്റ്റേഷൻ വരുന്നത്. അവിടെ ഒരു തോട് ഒഴുകുന്നുണ്ട്. തോട് മാറ്റി സ്ഥാപിക്കണമെന്നാണ് പഠനത്തിൽ പറയുന്നത്. കൊച്ചിയിലെ വിമാനത്താവളത്തിനടുത്തും തോട് ഉണ്ടായിരുന്നു. അത് മൂടിയതു കൊണ്ടാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കൊച്ചി വിമാനത്താവളം വെള്ളത്തിൽ മുങ്ങിയത്. 622 വളവുകൾ നിലവിലെ പാതയിലുണ്ട്. അതിലൂടെ അതിവേഗ ട്രെയിൻ ഓടിക്കാൻ കഴിയില്ല. കേരളത്തിൽ പുതിയ റെയിൽപ്പാതകൾ വികസിപ്പിക്കാൻ എന്തു ചെയ്യണമെന്ന് കെ- റെയിൽ പരിശോധിക്കണം. പുതിയ ലൈനുകളും സിഗ്നൽ സംവിധാനവും വരണം. അങ്ങനെ വന്നാൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും''- ആർ വി ജി മേനോൻ പറഞ്ഞു.
നിലവിലെ പാതയോടു ചേർന്ന് മൂന്നാമത്തെയും നാലാമത്തെയും പാത വരുമ്പോൾ കൂടുതൽ വേഗമുള്ള ട്രെയിൻ ഓടിക്കാം. റെയിൽപാതയോട് ചേർന്നുള്ള ഭൂമിക്കു വില കുറവാണ്. സർക്കാർ നല്ല വില കൊടുത്താൽ ജനം ഭൂമി വിട്ടുകൊടുക്കും. ഈ ചർച്ച 3- 4 വർഷം മുൻപ് നടത്തേണ്ടതായിരുന്നെന്നും ആർ വി ജി മേനോൻ പറഞ്ഞു. എന്തു വില കൊടുത്തും പദ്ധതി നടപ്പിലാക്കുമെന്നു പറഞ്ഞിട്ട് ഇനി ചർച്ചയാകാം എന്നു പറയുന്നത് ശരിയല്ല. ചർച്ചയിലൂടെ ഏതുതരത്തിലുള്ള പദ്ധതി വേണമെന്ന് നിശ്ചയിച്ചിട്ട് മുന്നോട്ടു പോകണമായിരുന്നു. ജപ്പാൻ കടം തരുന്നത് നമ്മുടെ വികസനത്തിനല്ല. അവരുടെ സാങ്കേതിക വിദ്യ കൊണ്ടുവരാനാണ്. കേരള വികസനത്തിൽ റെയിൽവേയ്ക്കു വലിയ പങ്കുണ്ടെന്നും ആർ വി ജി മേനോൻ പറഞ്ഞു.
Also Read-കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് കത്ത്
സില്‍വര്‍ ലൈന്‍ പദ്ധതിയെ അനൂകൂലിക്കുന്ന പാനലിലുള്ള എസ് എന്‍ രഘുചന്ദ്രന്‍ നായരും സില്‍വര്‍ ലൈന്‍ കല്ലിടലിനെ എതിര്‍ത്തു. സര്‍വേയ്ക്കായി വീട്ടില്‍ കയറി അടുക്കളയില്‍ കല്ലിടേണ്ട കാര്യമില്ല. ആള്‍ക്കാരെ വിശ്വാസത്തിലെടുത്ത് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വേണം സര്‍വേ നടത്താനെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഏത് പദ്ധതി വന്നാലും എതിര്‍ക്കുന്നത് കേരളത്തിലുള്ള പ്രവണതയാണെന്നും രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു.
ക്ഷണിക്കപ്പെട്ട ആറ് പേരില്‍ നാലുപേര്‍ മാത്രമാണ് സംവാദത്തില്‍ പങ്കെടുക്കുന്നത്. വിമര്‍ശകരില്‍ ആർ വി ജി മേനോന്‍ മാത്രമേ സംവാദത്തിനുണ്ടായിരുന്നുള്ളൂ. വിമര്‍ശിക്കുന്നവരുടെ പാനലിലുള്ള രണ്ട് പേര്‍ പിന്മാറിയെങ്കിലും സംവാദം നിശ്ചയിച്ച പ്രകാരം തന്നെ കെ- റെയില്‍ നടത്തുകയായിരുന്നു. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ മൂന്നുവീതം വിദഗ്ധരാണ് നേരത്തെ സംവാദത്തില്‍ നിശ്ചയിച്ചിരുന്നത്. എതിര്‍ക്കുന്നവരില്‍ അലോക് കുമാര്‍ വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി. ജോസഫ് സി. മാത്യുവിനെ സര്‍ക്കാര്‍ നേരത്തേ ഒഴിവാക്കിയിരുന്നു. ഓരോരുത്തര്‍ക്കും 15 മിനിറ്റായിരുന്നു സംസാരിക്കാനുള്ള അവസരം.