ദേവസ്വം കമ്മീഷണറുടെ നിർദേശ പ്രകാരമാണ് സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. മഹസറിൽ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, സ്വർണം എന്നല്ല. ശിൽപങ്ങൾ സ്മാർട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വർണത്തിന്‍റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റാൻ പോറ്റി ഇവർക്കു നിർദേശം നൽകി. 474.9 ഗ്രാം സ്വർണത്തിന്‍റെ ക്രമകേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു.
സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഈ സ്വർണം പോറ്റിക്ക് കൈമാറി. എന്നാൽ പോറ്റി ഇത് ബോര്‍ഡിന് ഇത് വരെ കൈമാറിയിട്ടില്ല. ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിഷ്പക്ഷ അന്വേഷണം നടത്തണം. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. ആറാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
advertisement
സ്വർണവും ചെമ്പ് പാളിയും മറിച്ചുവിറ്റു
ശബരിമലയിലെ സ്വർണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 20 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. 2016 മുതല്‍ നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് 2019ല്‍ നടന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്. പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമാകുന്നു. സ്വര്‍ണവും ചെമ്പുപാളികളും ബാംഗ്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിന്റെ നിര്‍ണായക വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചു എന്നുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ശശിധരനോട് നേരിട്ട് കോടതി നേരിട്ട് വിവരങ്ങള്‍ തേടി. അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശങ്ങള്‍ നല്‍കി. വിജിലന്‍സ് സെക്യൂരിറ്റി ഓഫിസറോടും ദേവസ്വം ബെഞ്ച് വിവരങ്ങള്‍ നേരിട്ട് തേടി.
ഹൈക്കോടതി നിർദേശം
ദ്വാരപാലക ശിൽപങ്ങളിലെ ചെമ്പുപാളികൾക്ക് പുറമെ, ലിന്റൽ, വശങ്ങളിലെ ഫ്രെയിമുകൾ എന്നിവയിൽ സ്വർണം പൂശിയതിൽ ക്രമക്കേടുണ്ടോ എന്ന് എസ്ഐടിക്ക് പരിശോധിക്കാം. പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണിക്കണോ എന്നത് എസ്ഐടിക്ക് തീരുമാനിക്കാം.
ചെന്നൈയിലെത്തിച്ച ചെമ്പുപാളികളിൽ സ്വർണത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ ഇതിൽ വീണ്ടും സ്വർണം പൂശാൻ സാധിക്കില്ലെന്ന് സ്മാർട് ക്രിയേഷൻസ് അറിയിച്ചിരുന്നു. എന്നാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നിർബന്ധത്താൽ ഇതിൽ നിന്നുള്ള സ്വർണം വേർതിരിച്ചെടുത്തു. തുടർന്ന് ചെമ്പുപാളികൾ വീണ്ടും സ്വർണം പൂശിയെന്നും ബാക്കിയായി കൈമാറിയ 474.9 ഗ്രാം സ്വർണത്തിന്റെ കാര്യം അന്വേഷിക്കണമെന്നുമുള്ള വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി സ്വർണപ്പാളി വിവാദം അന്വേഷിക്കണമെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
വിവാദം ഇങ്ങനെ
ശബരിമല ദേവസ്വം കമ്മീഷണറെ അറിയിക്കാതെയും ഹൈക്കോടതിയുടെ അനുമതിയില്ലാതെയും ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പുപാളികൾ സ്വര്‍ണം പൂശുന്നതിന് ചെന്നൈയ്ക്കു കൊണ്ടുപോയതാണ് വിഷയം കോടതി മുമ്പാകെ എത്താൻ കാരണമായത്. പിന്നാലെ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കോടതി വിജിലൻസ് ഓഫിസർക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്ന് വിജിലൻസ് ഓഫീസർ നൽകിയ റിപ്പോർട്ടിലാണ് 2019ലും സ്വർണം പൂശാൻ ചെന്നൈയ്ക്ക് കൊണ്ടുപോയിരുന്നു എന്ന വിവരം വെളിപ്പെട്ടത്. ഇക്കാര്യം വിശദമായി പരിശോധിച്ച കോടതി, അന്നു കൊണ്ടുപോയ തൂക്കത്തേക്കാൾ നാലര കിലോയോളം കുറവാണ് ചെന്നൈയിൽ എത്തിയത് എന്നു കണ്ടെത്തിയിരുന്നു. മാത്രമല്ല, 39 ദിവസങ്ങൾക്കു ശേഷമാണ് സന്നിധാനത്തു നിന്ന് ഇവ ചെന്നൈയിലെത്തിച്ചതെന്നും കണ്ടെത്തി.
ഈ സമയത്താണ് താൻ സ്വർണം പൂശി തിരിച്ചേൽപ്പിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ പീഠം കാണാനില്ല എന്ന അവകാശവാദവുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തു വന്നത്. ഇതോടെ ശബരിമലയുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂം വിജിലൻസ് ഓഫീസർ അരിച്ചുപെറുക്കി. എന്നാൽ പീഠം കണ്ടെത്താനായില്ല. ഒടുവിൽ ഇത് കണ്ടെത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ്. ഇതിനിടെ, മറ്റൊരു ദ്വാരപാലക ശിൽപ്പം കൂടി സ്ട്രോങ് റൂമിൽ ഉണ്ടെന്നും ഇത് നൽകിയാൽ സ്വർണം വേർതിരിച്ചെടുത്ത് ഉപയോഗിക്കാമെന്നും അങ്ങനെയെങ്കിൽ ചെലവു കുറയ്ക്കാമെന്നും കാട്ടി ഉണ്ണികൃഷ്ണൻ പോറ്റി എഴുതിയ കത്തും കോടതി സംശയത്തോടെയാണ് കണ്ടത്. ഇക്കാര്യവും അന്വേഷിക്കാൻ കോടതി നിർദേശം നൽകി. അത്തരമൊരു ദ്വാരപാലക ശിൽപ്പം ഇല്ലെന്നായിരുന്നു വിജിലൻസ് ഓഫീസറുടെ കണ്ടെത്തൽ.
2019ൽ സ്വർണം പൂശാൻ കൊണ്ടുപോയ നടപടിക്രമങ്ങൾ വീണ്ടും പരിശോധിച്ച കോടതി കൂടുതൽ ക്രമക്കേടുകളാണ് കണ്ടെത്തിയത്. 1998–99 വർഷത്തിൽ വിജയ് മല്യയുടെ കമ്പനി വാതിൽ കട്ടിള സ്വർണത്തിൽ പൊതിഞ്ഞപ്പോൾ ദ്വാരപാലക ശിൽപ്പങ്ങളും അത്തരത്തിൽ പൊതിഞ്ഞിരുന്നു എന്ന വിവരം പുറത്തു വന്നു. എന്നാൽ 2019ൽ ചെന്നൈയിലേക്ക് സ്വര്‍ണപ്പാളികൾ അഴിച്ചു കൊണ്ടുപോയപ്പോൾ ഇത് ചെമ്പുപാളികൾ എന്നാണ് രേഖപ്പെടുത്തിയത് എന്നും കണ്ടെത്തി. ഇതോടെ വലിയ തോതിലുള്ള ക്രമക്കേടു നടന്നിട്ടുണ്ട് എന്നും ഞെട്ടിക്കുന്നതാണ് ഇതെന്നും ചൂണ്ടിക്കാട്ടി കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങളെ തീരുമാനിച്ചതും കോടതി തന്നെയാണ്.